ന്യൂയോർക്ക്: ഈ വർഷം പുറത്തുവിട്ട ഫോർബ്സ് കോടീശ്വരന്മാരുടെ പട്ടിക പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പത്തുള്ള വനിതയായി ഒപി ജിൻഡാൽ ഗ്രൂപ്പിന്റെ മാട്രിയാർച്ചും ഹരിയാനയിലെ എംഎൽഎയുമായ സാവിത്രി ജിൻഡാൽ. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനിയുടെയും ഗൗതം അദാനിയുടെയും പിന്നലായി അവർ മൂന്നാം സ്ഥാനം സ്വന്തമാക്കി.
35.5 ബില്യൺ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ആദ്യപത്തിൽ ഉൾപ്പെട്ട ഒരേയൊരു വനിതയാണ്. സ്റ്റീൽ, വൈദ്യുതി, സിമന്റ്, അടിസ്ഥാന സൗകര്യങ്ങൾ എന്നീ മേഖലകളിലായി വ്യാപിച്ചുകിടക്കുന്നതാണ് ജിൻഡാൽ ഗ്രൂപ്പ് ചെയർപേഴ്‌സൺ സാവിത്രിയുടെ സാമ്രാജ്യം. ഭർത്താവ് ഓം പ്രകാശ് ജിൻഡാൽ ആണ് കമ്പനി സ്ഥാപിച്ചത്. 2005 ൽ ഒരു ഹെലികോപ്റ്റർ അപകടത്തിൽ ഓം പ്രകാശ് മരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം, ബിസിനസ് അവരുടെ നാല് ആൺമക്കൾക്കായി വിഭജിക്കപ്പെട്ടു.
മുംബൈയിൽ താമസിക്കുന്ന മകൻ സജ്ജൻ ജിൻഡാൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ജെഎസ്ഡബ്ല്യു സിമന്റ്, ജെഎസ്ഡബ്ല്യു പെയിന്റ്സ് എന്നിവയ്‌ക്ക് നേതൃത്വം നൽകുകയും 2023 ൽ ജെഎസ്ഡബ്ല്യു ഇൻഫ്രാസ്ട്രക്ചറിനെ പൊതുമേഖലാ സ്ഥാപനമാക്കി മാറ്റുകയും ചെയ്തു. 2024 ൽ, എംജി മോട്ടോർ ഇന്ത്യയിൽ 35 ശതമാനം ഓഹരികൾ സ്വന്തമാക്കിക്കൊണ്ട് അദ്ദേഹം ഇലക്ട്രിക് വാഹനമേഖലയിലേക്കും ബിസിനസ് വ്യാപിച്ചു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന നവീൻ ജിൻഡാൽ, ജിൻഡാൽ സ്റ്റീൽ & പവർ കൈകാര്യം ചെയ്യുന്നു.















