ന്യൂഡൽഹി: ബിജെപി ദേശീയ അദ്ധ്യക്ഷന്റെ തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള വാഗ്വാദത്തിൽ സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന് ചുട്ടമറുപടി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്സഭയിൽ വഖ്ഫ് ഭേദഗതി ബിൽ അവതരിപ്പിക്കുന്നതിനിടെയാണ് വിമർശനവുമായി അഖിലേഷ് യാദവ് എത്തിയത്. എന്നാൽ പരിഹസിച്ചുകൊണ്ട് കൃത്യസമയത്ത് അമിത് ഷാ മറുപടി നൽകുകയായിരുന്നു.
‘ഏറ്റവും വലിയ പാർട്ടിയാണെന്ന് പറയുന്ന ബിജെപിക്ക് അവരുടെ ദേശീയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാൻ കഴിഞ്ഞിട്ടില്ല’ എന്നതായിരുന്നു അഖിലേഷ് യാദവിന്റെ പരാമർശം. ഇത് കേട്ടയുടനെ സീറ്റിൽ നിന്ന് എഴുന്നേറ്റ അമിത് ഷാ സമാജ്‌വാദി പാർട്ടി നേതാവിന്റെ വായടിപ്പിക്കുന്ന മറുപടി നൽകി.
പ്രതിപക്ഷ പാർട്ടികളുടെ നേരെ വിരൽ ചൂണ്ടിയായിരുന്നു പ്രതികരണം. “അവിടെയിരിക്കുന്ന എല്ലാ പാർട്ടികളും അവരുടെ കുടുംബത്തിലെ അഞ്ച് പേരിൽ നിന്നാണ് ദേശീയ അദ്ധ്യക്ഷനായി ഒരാളെ തെരഞ്ഞെടുക്കുന്നത്. എന്നാൽ ബിജെപി 12-13 കോടി അംഗങ്ങളിൽ നിന്നാണ് ഒരു തലവനെ തെരഞ്ഞെടുക്കേണ്ടത്. അതിനാൽ സമയമെടുക്കും”.
നിങ്ങൾക്ക് സമയമെടുക്കില്ല. അടുത്ത 25 വർഷവും നിങ്ങൾ തന്നെയായിരിക്കും സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ. ആർക്കും നിങ്ങളെ മാറ്റാൻ കഴിയില്ലെന്നും പരിഹസിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു. ഇത് കേട്ടതും ബിജെപി എംപിമാർ പൊട്ടിച്ചിരിച്ചു.















