വാഷിംഗ്‌ടൺ: ഇന്ത്യയുൾപ്പെടെയുളള അറുപതോളം രാജ്യങ്ങൾക്ക് പകരം തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ പ്രസിഡന്റ് ഇന്ത്യക്ക് 26 % ‘ഡിസ്‌കൗണ്ട് തീരുവ ചുമത്തി. എല്ലാ ഇറക്കുമതികൾക്കും 10 ശതമാനം അടിസ്ഥാന താരിഫ് യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ചു. യുഎസുമായി ഏറ്റവും ഉയർന്ന വ്യാപാര കമ്മിയുള്ള രാജ്യങ്ങൾക്ക് ഉയർന്ന നിരക്കുകൾ ഏർപ്പെടുത്തി. ‘പകരം തീരുവ’ നിരക്കുകളിൽ 10 ശതമാനം മുതൽ 49 ശതമാനത്തിന്റെ വരെ (കംബോഡിയ) വ്യത്യാസമുണ്ട്.
യുഎസ് നികുതിദായകരെ “50 വർഷത്തിലേറെയായി” കൊള്ളയടിച്ചുവെന്ന് വാദിച്ച ട്രംപ്, ‘പകരം തീരുവ’ തന്റെ രാജ്യത്തിന്റെ “സാമ്പത്തിക സ്വാതന്ത്ര്യ പ്രഖ്യാപനമാണ്” എന്നും കൂട്ടിച്ചേർത്തു. “ഇത് ഞങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. 50 വർഷത്തിലേറെയായി നികുതിദായകരെ കൊള്ളയടിക്കുന്നു. പക്ഷേ ഇനി അത് സംഭവിക്കാൻ പോകുന്നില്ല,” അദ്ദേഹം പറഞ്ഞു.
വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പട്ടിക, അവയ്‌ക്ക് ചുമത്തേണ്ട പുതിയ തീരുവകൾ, രാജ്യങ്ങൾ അമേരിക്കയിൽ ചുമത്തുന്ന നിലവിലെ ലെവികൾ എന്നിവ കാണിക്കുന്ന ഒരു ചാർട്ട് ട്രംപ് പ്രദർശിപ്പിച്ചു. യുഎസ് ഇറക്കുമതിക്ക് ഇന്ത്യ 52 ശതമാനം തീരുവ ചുമത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രിൽ 9 ന് പുലർച്ചെ 12.01 ന് പകരം തീരുവ പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഇറക്കുമതിയുടെയും കയറ്റുമതിയുടെയും കാര്യത്തിൽ ഏപ്രിൽ 2 യുഎസിന് ‘വിമോചന ദിനം’ ആണെന്ന് പ്രഖ്യാപിച്ച ട്രംപ് , തന്റെ താരിഫ് നയം “ദയയുള്ള” തെന്ന് വിശേഷിപ്പിച്ചു. യുഎസ് വ്യാപാര പങ്കാളികളോട് തനിക്ക് കൂടുതൽ കഠിനമായി പെരുമാറാമായിരുന്നുവെന്നും എന്നാൽ അത് ധാരാളം രാജ്യങ്ങൾക്ക് ബുദ്ധിമുട്ടായിമാറുമെന്നും പ്രസിഡന്റ് ഓർമിപ്പിച്ചു.
ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 34 ശതമാനവും യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഇറക്കുമതിക്ക് 20 ശതമാനവും ദക്ഷിണ കൊറിയയ്‌ക്ക് 25 ശതമാനവും ജപ്പാന് 24 ശതമാനവും തായ്‌വാനെ 32 ശതമാനവും നികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു. ഏപ്രിൽ 3 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ യുഎസിൽ അസംബിൾ ചെയ്യാത്ത ഓട്ടോമൊബൈലുകൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഈ നീക്കം യുഎസിന് പുറത്തുള്ള വാഹനങ്ങളുടെ വില വർദ്ധനവിന് കാരണമായേക്കാം. തന്റെ പ്രഖ്യാപനത്തിനുശേഷം, പകരം തീരുവ സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു.















