ന്യൂഡൽഹി: ആറാമത് ബിംസ്റ്റെക്ക് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തായ്‌ലൻഡിലേക്ക്. പ്രാദേശിക വികസനം, കണക്ടിവിറ്റി, സാമ്പത്തിക അഭിവൃദ്ധി എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഉച്ചകോടിക്ക് വലിയ പ്രാധാന്യമുണ്ടെന്ന് മോദിയുടെ യാത്രക്ക് മുന്നോടിയായുള്ള പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖല അതിന്റെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് ബിംസ്റ്റെക്കിൽ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ബിംസ്റ്റെക്ക് രാജ്യങ്ങളിലെ നേതാക്കളെ കാണാനും നമ്മുടെ ജനങ്ങളുടെ താല്പര്യങ്ങൾ മനസിൽവച്ചുകൊണ്ട് ഇന്ത്യയുടെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഫലപ്രദമായി ഇടപഴകാനും ഞാൻ ആഗ്രഹിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു. ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി തായ്‌ലൻഡ് സന്ദർശിക്കുന്നത്. തായ് പ്രധാനമന്ത്രിയുമായി ചർച്ച നടത്തുന്നതിനു പുറമേ, നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി, ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്, മ്യാൻമർ സൈനിക ഭരണകൂട നേതാവ് മിൻ ഓങ് ഹ്ലെയിംഗ് എന്നിവരുമായി ബിംസ്റ്റെക് ഉച്ചകോടിയിൽ മോദി നേരിട്ട് കൂടിക്കാഴ്ച നടത്തും.
ഉച്ചകോടിയിൽ പങ്കെടുത്തശേഷം പ്രധാനമന്ത്രി രണ്ട് ദിവസത്തെ ശ്രീലങ്കൻ സന്ദർശനത്തിനായി തിരിക്കും. അനുര കുമാര ദിസനായകെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമു ള്ള പ്രധാനമന്ത്രിയുടെ ആദ്യ ശ്രീലങ്ക സന്ദർശനമായിരിക്കും ഇത്. ഭാവി പങ്കാളിത്തങ്ങൾ വളർത്തിയെടുക്കുന്നതിനും പൊതുലക്ഷ്യങ്ങളിൽ കൈവരിച്ച പുരോഗതി അവലോകനം ചെയ്യുന്നതിനും ഈ സന്ദർശനം അവസരം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.