ന്യൂഡൽഹി: ഇന്ത്യയുടെ ശുഭാൻഷു ശുക്ല അടക്കം നാല് പേരടങ്ങുന്ന സംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആക്സിയം ദൗത്യം (Axiom Mission 4) അടുത്ത മാസം. മെയിലാകും (May 2025) യാത്രയെന്നാണ് നാസ നൽകുന്ന വിവരം. ഗ്രൂപ്പ് ക്യാപ്റ്റനായ ശുക്ലയാകും ദൗത്യസംഘത്തിലെ പൈലറ്റ്.
ശുക്ലയോടൊപ്പം ആക്സിയം -4 ദൗത്യത്തിൽ പങ്കുചേരുന്നത് നാസയുടെ മുൻ ബഹിരാകാശ യാത്രികയും മിഷൻ കമാൻഡറുമായ പെഗ്ഗി വിറ്റ്സൺ ആണ്. പോളണ്ടുകാരനായ സ്ലാവോസ് ഉസ്നൻസ്കി, ഹംഗേറിയനായ ടിബർ കാപു എന്നിവരാണ് ദൗത്യസംഘത്തിലെ മറ്റുള്ളവർ.

എന്തെങ്കിലും കാരണവശാൽ ആക്സിയം-4 ദൗത്യത്തിൽ നിന്ന് ശുക്ലയ്‌ക്ക് പിന്മാറേണ്ടി വന്നാൽ ഗഗൻയാൻ ദൗത്യത്തിന്റെ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണനായിരിക്കും ശുക്ലയ്‌ക്ക് ബദലായി ISSലേക്ക് പോവുക. അമേരിക്കയുടെ നാസയും ഇന്ത്യയുടെ ഇസ്രോയും തമ്മിലുള്ള കരാർ പ്രകാരമാണ് നടപടികൾ.
ISSലേക്ക് മനുഷ്യരെ അയക്കുന്ന നാലാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണ് Ax-4. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരിക്കും വിക്ഷേപണം. സ്പേസ്എക്സിന്റെ ഡ്രാഗൺ (SpaceX Dragon) പേടകത്തിലായിരിക്കും ശുക്ല അടക്കമുള്ള നാല് പേരും ISSലേക്ക് കുതിക്കുക. ഫാൽക്കൺ-9 റോക്കറ്റ് ഡ്രാഗൺ പേടകത്തെ വഹിക്കും. ISSൽ ഡോക്ക് ചെയ്താൽ 14 ദിവസത്തോളം ദൗത്യസംഘം ബഹിരാകാശത്ത് വസിക്കും. ഇന്ത്യക്കാരനായ ശുക്ല കൂടാതെ പോളണ്ട്, ഹംഗറി എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടുപേരും ആദ്യമായി ബഹിരാകാശത്തേക്ക് പോകുന്നവരാണ്. ഇക്കൂട്ടത്തിൽ പെഗ്ഗി മാത്രമാണ് ISSലേക്ക് നേരത്തെ യാത്ര ചെയ്തിട്ടുള്ളത്.
ആക്സിയം ദൗത്യം യാഥാർത്ഥ്യമായാൽ ഇന്ത്യക്കാരനായ രാകേഷ് ശർമ്മയ്‌ക്ക് ശേഷം ISSലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാകും ശുഭാൻഷു ശുക്ല. കൂടാതെ ബഹിരാകാശത്ത് കാലുകുത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനെന്ന നേട്ടവും ശുക്ല സ്വന്തമാക്കും. ഇന്ത്യൻ വ്യോമസേനയിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് ശുഭാൻഷു ശുക്ല. ISROയുടെ ഗഗൻയാൻ ദൗത്യ സംഘത്തിലെ അംഗം കൂടിയാണ് അദ്ദേഹം. ആക്സിയം ദൗത്യത്തിന് ശേഷമാകും ഗഗൻയാൻ എന്നതിനാൽ ശുക്ലയുടെ ബഹിരാകാശ യാത്രാനുഭവങ്ങൾ ഗഗൻയാന് മുതൽക്കൂട്ടാകുമെന്നാണ് കരുതുന്നത്.

1984ലായിരുന്നു വിംഗ് കമാൻഡർ രാകേഷ് ശർമ ബഹിരാകാശത്തേക്ക് പറന്നത്. നാല് ദശാബ്ദത്തിന് ശേഷം ശുഭാഷൻഷു ശുക്ലയിലൂടെ വീണ്ടും ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ഇന്ത്യ.