സ്കൂൾ അദ്ധ്യാപകരുടെ നിയമനത്തിൽ ബംഗാൾ സർക്കാരിന് കനത്ത തിരിച്ചടി നൽകി സുപ്രീംകോടതി. 25,000 അദ്ധ്യാപകരുടെ നിയമനം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ബംഗാൾ സർക്കാർ നൽകിയ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പിവി സഞ്ജയ് കുമാർ എന്നിവരുടേതാണ് ഉത്തരവ്.
ജോലിക്ക് കോഴ വാങ്ങി തട്ടിപ്പ് നടത്തിയെന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പശ്ചിമബംഗാൾ സ്കൂൾ സർവീസ് കമ്മീഷൻ (WBSSC) 2016ൽ നടത്തിയ നിയമനം കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കിയത്. അദ്ധ്യാപകരും അനദ്ധ്യാപകരും അടക്കം 25,000ൽ അധികം പേർ ഇത്തരത്തിൽ ജോലി നേടിയിരുന്നു. കോഴ നൽകി നിയമനം ഉറപ്പാക്കിയവരാണ് എന്ന കണ്ടെത്തൽ ഗൗരവതരമാണെന്നും ഇത് വഞ്ചനയാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തട്ടിപ്പിലൂടെയാണ് നിയമനം നടത്തിയത് എന്നതിനാൽ ഹൈക്കോടതിയുടെ തീരുമാനത്തിൽ ഇടപെടാൻ കഴിയില്ലെന്നും രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു. അതേസമയം ഉദ്യോഗാർത്ഥികൾക്ക് ലഭിച്ച ശമ്പളം തിരികെ നൽകേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
പശ്ചിമ ബംഗാളിലുടനീളമുള്ള പ്രൈമറി, സെക്കൻഡറി സ്കൂളുകളിലേക്ക് 2016ൽ WBSSC നടത്തിയ നിയമനം നിയമവിരുദ്ധമാണെന്നായിരുന്നു കണ്ടെത്തൽ. ഒഎംആർ ഷീറ്റിലും റാങ്ക് പട്ടികയിലും കൃത്രിമം കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, സർക്കാർ സ്കൂളുകളിലേയും എയ്ഡഡ് സ്കൂളുകളിലേയും ആകെ 25,753 ജീവനക്കാരുടെ നിയമനങ്ങൾ റദ്ദാക്കി.
2016ൽ പശ്ചിമ ബംഗാൾ SSC 24,640 പോസ്റ്റുകളിലേക്ക് നടത്തിയ നിയമനപ്രക്രിയക്കായി 23 ലക്ഷം ഉദ്യോഗാർത്ഥികളാണ് മത്സരിച്ചത്. തുടർന്ന് 25,753 പേർക്ക് നിയമന ഉത്തരവ് നൽകുകയും ഇത് വലിയ വിവാദമാവുകയുമായിരുന്നു.