ബെംഗളൂരു: സഹോദരനെ തല്ലിചതച്ച ശേഷം സഹോദരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. ബെംഗളൂരുവിലെ കെആർ പുരം റെയിൽവേ സ്റ്റേഷന് സമീപം ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം. എറണാകുളത്ത് ജോലി ചെയ്യുന്ന ബിഹാർ സ്വദേശിനിയായ യുവതിയാണ് പീഡനത്തിനിരയായത്. യുവതിക്കൊപ്പം ഉണ്ടായിരുന്ന സഹോദരനെ അക്രമികൾ മർദ്ദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു പീഡനം.
എറണാകുളത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ഇതിനിടെ ബെംഗളൂരുവിൽ ബന്ധുവിന്റെ വീട്ടിലിറങ്ങാൻ അമ്മ ആവശ്യപ്പെട്ടു. തുടർന്ന് ബെംഗളൂരു കെആർപുരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ യുവതിയെ കൂട്ടിക്കൊണ്ട് പോകാനാണ് സഹോദരനെത്തിയത്.
ഭക്ഷണം കഴിക്കാനായി ഹോട്ടലിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. ഓട്ടോറിക്ഷയിലെത്തിയ പ്രതികൾ സഹോദരനെ ക്രൂരമായി ആക്രമിച്ച ശേഷം യുവതിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവ സ്ഥലത്തെ മറ്റൊരു സ്ത്രീയുടെ നിലവിളി കേട്ടാണ് ആളുകൾ ഓടിക്കൂടിയത്. തുടർന്ന് പൊലീസിനെ വിവമറിയിച്ചു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.















