ആഭ്യന്തരക്രിക്കറ്റിൽ മുംബൈ ടീം വിട്ട് ഗോവയിലേക്ക് പോകാനുള്ള യുവതാരം യശസ്വി ജയ്‌സ്വാളിന്റെ അപ്രതീക്ഷിത തീരുമാനം എല്ലാവരെയും ഞെട്ടിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാണ് ഇതെന്നായിരുന്നു ആദ്യഘട്ടത്തിൽ പുറത്തുവന്നിരുന്ന റിപ്പോർട്ടുകൾ. ഇപ്പോൾ താരം തന്നെ ഇതിൽ വിശദീകരണം നൽകി.തന്റെ വളർച്ചയിൽ മുംബൈ ടീമിനുള്ള നിർണായക പങ്ക് എടുത്തു പറഞ്ഞ ജയ്‌സ്വാൾ ഗോവയിൽ നിന്ന് ലഭിച്ച മികച്ച അവസരം വിനിയോഗിക്കാനായിരുന്നു തന്റെ തീരുമാനമെന്നും വെളിപ്പെടുത്തി.
“എനിക്ക് അത് വളരെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായിരുന്നു. ഇന്ന് ഞാൻ എന്താണോ അത് മുംബൈ കാരണമാണ്. ആ നഗരമാണ് എന്നെ ഞാനാക്കിയത്, എന്റെ ജീവിതകാലം മുഴുവൻ ഞാൻ എംസിഎയോട് കടപ്പെട്ടിരിക്കും,” ജയ്‌സ്വാൾപറഞ്ഞു. “ഗോവ എനിക്ക് ഒരു പുതിയ അവസരം തന്നു, അവർ എനിക്ക് നായകസ്ഥാനം വാഗ്ദാനം ചെയ്തു. എന്റെ ആദ്യ ലക്ഷ്യം ഇന്ത്യയ്‌ക്ക് വേണ്ടി നന്നായി കളിക്കുക എന്നതാണ്. ഇത് എനിക്ക് ലഭിച്ച ഒരു പ്രധാനപ്പെട്ട അവസരമായിരുന്നു, ഞാൻ അത് ഏറ്റെടുത്തു.” ജയ്‌സ്വാൾ പറഞ്ഞു.
എന്നാൽ താരം മുംബൈ വിടാനുള്ള കാരണം ഇതൊന്നുമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മുംബൈ ടീം മാനേജ്‌മെന്റിനോടുള്ള ജയ്‌സ്വാളിന്റെ അതൃപ്തിയാണ് തീരുമാനത്തിന് പിന്നിലെന്നാണ് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ സീസണിൽ ജമ്മു കശ്മീരിനെതിരായ മത്സരത്തിൽ, ടീമിലെ ഒരു മുതിർന്ന കളിക്കാരനുമായി ജയ്‌സ്വാളിന് അഭിപ്രായവ്യത്യാസമുണ്ടായതായും ഇതിന്റെ തുടർച്ചയായാണ് മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ജയ്‌സ്വാൾ മുംബൈ ക്രിക്കറ്റ് അസോസിയേഷന് കത്തെഴുതിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എംസിഎ അനുമതി നൽകിയതോടെ 2025-26 സീസൺ മുതൽ ജയ്‌സ്വാൾ ഗോവയ്‌ക്ക് വേണ്ടി കളിക്കും.