ആലപ്പുഴ: വഖ്‍ഫ് ബില്ലിനെ ശക്തമായി പിന്തുണച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാവപ്പെട്ട മുസ്ലിംങ്ങൾക്ക് എതിരല്ല വഖ്‍ഫ് ബില്ലെന്നും മുനമ്പത്ത് പോയി പ്രസംഗിച്ചവർ പോലും ബില്ലിനെ എതിർത്തെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
“വോട്ടുബാങ്ക് രാഷ്‌ട്രീയമാണ് കോൺഗ്രസിന്‍റേത്. മുസ്ലീം സമുദായത്തെ അവർ ഭയപ്പെടുത്തുന്നു. മുസ്ലീംങ്ങൾക്ക് എതിരല്ല വഖ്ഫ് ബില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിച്ച് പറയുന്നുണ്ട്. പക്ഷേ, അത് വിശ്വസിക്കാൻ ഒരു വിഭാഗം ആളുകൾ തയാറാകുന്നില്ല. ആർക്കും എതിരല്ല ഈ ബിൽ. ഇങ്ങനെയൊരു നിയമം വരുന്നത് നല്ലത് തന്നെയാണ്”.
ഒരു വിഭാഗം ആളുകൾക്കാരാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. ഉള്ളുകൊണ്ട് ആഗ്രഹമില്ലാത്തവരും മുനമ്പത്ത് പോയി പ്രസംഗിച്ചവരും ബില്ലിനെ എതിർത്തു. അത് അവരുടെ ഗതികേട് കൊണ്ടാണ്. വോട്ടുബാങ്ക് രാഷ്‌ട്രീയം മുന്നിൽ കണ്ടുകൊണ്ട് മുസ്ലീം സമുദായത്തിലെ ആളുകളുടെ വോട്ട് നേടാനായി ആഗ്രഹം ഇല്ലാതിരുന്നിട്ടും ബില്ലിനെ ശക്തമായി എതിർത്ത ആളുകളാണ് കോൺഗ്രസുകാരെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.