തിരുവനന്തപുരം; ആശാ വർക്കേഴ്സുമായി ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നുനടത്തിയ ചർച്ചയും പരാജയം. മൂവായിരം രൂപ പോലും കൂട്ടിത്തരാൻ ആരോഗ്യമന്ത്രി തയ്യാറായില്ലെന്നും സമരം തുടരുമെന്നും ആശാ വർക്കേഴ്സ് അറിയിച്ചു. മന്ത്രിതല ചർച്ച നാളെയും തുടരാനാണ് സാധ്യത. വേതനപരിഷ്കരണം സംബന്ധിച്ച് വിശദമായി പഠിക്കുന്നതിനായി കമ്മീഷനെ നിയമിക്കുന്നത് പരിഗണനയിലുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. എന്നാൽ കമ്മീഷനെ വയ്‌ക്കാമെന്ന നിർദേശം ആശാ സമരസമിതി തള്ളി.
ഇന്നുനടന്ന ചർച്ചയിൽ ആരോഗ്യമന്ത്രി കൂടാതെ ധനമന്ത്രിയും പങ്കെടുത്തെന്നാണ് വിവരം. ഒരു പ്രപ്പോസലും മന്ത്രിമാർ മുന്നോട്ടുവച്ചില്ലെന്നും നിന്നിടത്തുതന്നെയാണ് ഇപ്പോഴും മന്ത്രിമാരുള്ളതെന്നും ആശാ വർക്കേഴ്സ് സമരസമിതി പറഞ്ഞു.
ഇത് മൂന്നാം തവണയാണ് ആരോഗ്യമന്ത്രിയുമായി ചർച്ച നടന്നത്. ഇപ്പോഴും ഓണറേറിയം, പെൻഷൻ എന്നീ കാര്യങ്ങളിൽ ധാരണയായില്ല. കമ്മിറ്റിയെ വെച്ചല്ല ഓണറേറിയം വർധിപ്പിക്കേണ്ടത്. കമ്മിറ്റി നിയോഗിക്കുന്നതിൽ വിശ്വാസമർപ്പിക്കാൻ കഴിയില്ലെന്നും ഇതുവരെ നടന്ന ചർച്ചകളിൽ തൃപ്തരല്ലെന്നും എസ്. മിനി പ്രതികരിച്ചു. സമരം ശക്തമായി മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി.
ആശാ വർക്കേഴ്സിന്റെ സമരം 50 ദിവസം പിന്നിട്ട വേളയിൽ കമ്മിറ്റിയെ നിയോഗിച്ച് പഠിക്കാമെന്ന മന്ത്രിയുടെ വാക്കുകൾ ഒരുകാരണവശാലും അംഗീകരിക്കാൻ സാധ്യമല്ലെന്ന ഉറച്ച നിലപാടിലാണ് ആശമാർ.















