എറണാകുളം : മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നല്‍കിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്‌ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു .
മകളെ പ്രതിചേര്‍ത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശഖര്‍ പറഞ്ഞു. ഇത് ഒരു സീരിയസ് അഴിമതിക്കേസാണ്. അന്വേഷണം പൂര്‍ത്തിയാകുംവരെ മുഖ്യമന്ത്രി മാറി നില്‍ക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണ വിജയനെ പ്രതിയാക്കി അന്വേഷണം നടത്താൻ അനുമതി നൽകിയിരിക്കുന്നത്. എസ്എഫ്ഐഒ കുറ്റ പത്രത്തിലാണ് വീണയെ പ്രതി ചേർത്തിട്ടുള്ളത്. സിഎംആർഎൽ-എക്സാലോജിക് ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന് എസ്എഫ്ഐഒയുടെ പ്രാഥമിക അന്വേഷണത്തിൽ വെളിവായിരുന്നു.
ക്രമക്കേട് കണ്ടെത്തിയതോടെയാണ് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം അന്വേഷണത്തിന് അനുമതി നൽകിയത്. എസ്.എഫ്.ഐ.ഒയാകും തുടരന്വേഷണം നടത്തുക. സിഎംആർഎൽ പലർക്കും പണം നൽകിയെന്നും പ്രാഥമിക അന്വേഷണത്തിൽനിന്നു വ്യക്തമായിരുന്നു. നിലവിൽ ചുമത്തിയിരിക്കുന്ന വകുപ്പുകൾ പ്രകാരം പ്രതികൾക്ക് മൂന്നു വർഷം മുതൽ പത്തുവർഷം വരെ തടവ് ലഭിക്കാം. പിഴയായി കൈപ്പറ്റിയ തുകയോ മൂന്നിരട്ടിയോ തിരച്ചടയ്‌ക്കേണ്ടി വരും.
കേസിലെ തെളിവുകളെ അതിജീവിക്കാന്‍ പിണറായിക്കോ മകള്‍ക്കോ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റും എംപിയുമായ കെ സുധാകരന്‍ പറഞ്ഞു. പലനാള്‍ കട്ടാല്‍ ഒരുനാള്‍ പിടിക്കപ്പെടും എന്നതാണ് യാഥാര്‍ഥ്യമെന്നും കെ സുധാകരന്‍ പറഞ്ഞു.
വികസിത കേരളം എന്ന സ്വപ്നം സാധ്യമാകാൻ, അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും രാഷ്‌ട്രീയത്തിന് അവസാനമുണ്ടാകണം എന്ന് രാജീവ് ചന്ദ്രശേഖർ തന്റെ സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു















