എറണാകുളം: വഖ്ഫ് ബോർഡ് നന്മയുള്ള സ്ഥാപനങ്ങളാണെന്നും അതിലെ കിരാതമാണ് അവസാനിപ്പിച്ചതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഡൽഹിയിൽ നിന്ന് എറണാകുളം വിമാനത്താവളത്തിലെത്തിയ കേന്ദ്രമന്ത്രി വഖ്ഫ് ബില്ലിനെ കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
“വലിയൊരു സമൂഹത്തിന് ദോഷമാകാതിരിക്കാനുള്ള നടപടികളാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടത്. ഒരു വിഭാഗം ജനങ്ങൾക്ക് ദോഷകരമായി ഒന്നും സംഭവിക്കാതിരിക്കാനുള്ള നിയമ നടപടിയാണിത്. മുനമ്പത്തെ ജനങ്ങൾക്കും ഈ മാറ്റങ്ങൾ ഗുണം ചെയ്യും”
ജാതിയുടെ അടിസ്ഥാനത്തിൽ ആളുകളെ വിഭജിക്കാനുള്ള ദുഷ്പ്രചരണമാണ് അവർ വാദങ്ങളിലൂടെ പാർലമെന്റിൽ നടത്തിയത്. ജനങ്ങളെ വിഭജിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ഒരു ആശങ്കകൾക്കും അടിസ്ഥാനമില്ല. മുസ്ലീങ്ങൾക്ക് കുഴപ്പമാകുമെന്നാണ് അവർ പാർലമെന്റിൽ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാദ്ധ്യമങ്ങളുടെ പ്രകോപനകരമായ ചോദ്യങ്ങൾക്കും ചുട്ടമറുപടി നൽകിയാണ് കേന്ദ്രമന്ത്രി മടങ്ങിയത്.
കഴിഞ്ഞ ദിവസം രാജ്യസഭയിൽ നടന്ന ചർച്ചയിൽ സുരേഷ് ഗോപിയും ജോൺ ബ്രിട്ടാസും ഏറ്റുമുട്ടിയിരുന്നു. ബ്രിട്ടാസിന്റെ വാദങ്ങൾക്ക് അതേ നാണയത്തിൽ തന്നെ സുരേഷ് ഗോപി തിരിച്ചടിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ ഉൾപ്പെടെ തരംഗമായിരുന്നു.