അഹമ്മദാബാദ്: പാതിരാത്രി വീടിന്റെ അടുക്കളയിൽ സിംഹത്തെ കണ്ടെത്തി. ഗുജറാത്തിലെ അമ്രേലിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വീടിന്റെ ഇളകി കിടന്ന മേൽക്കൂരയുടെ വിടവിലൂടെയാണ് സിംഹം വീടിനുള്ളിലേക്ക് കടന്നത്. വീട്ടുകാർ ചിത്രീകരിച്ച വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. അടുക്കളയിൽ നിന്ന് വരുന്ന ശബ്ദം കേട്ട് അടുത്തേക്ക് ചെന്ന വീട്ടുകാർ ഭിത്തിയിൽ അള്ളിപ്പിടിച്ചിരിക്കുന്ന സിംഹത്തെയാണ് കണ്ടത്. സ്വപ്നമാണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീടാണ് അപകടം തിരിച്ചറിഞ്ഞത്.
രണ്ട് മണിക്കൂറോളം മേൽക്കുര ഭാഗത്തായി സിംഹം ഇരുന്നു. വീട്ടുകാർ പുറത്തേക്കിറങ്ങിയോടി. നാട്ടുകാരും സ്ഥലത്തേക്ക് എത്തിയതോടെ ബഹളം കേട്ട് സിംഹം വീട്ടിൽ നിന്നും പുറത്തേക്ക് ചാടി. ഇതിന് മുമ്പും ജനവാസ മേഖലയിൽ സിംഹം ഇറങ്ങിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.