മുംബൈയിൽ എഴുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ 20-കാരൻ അറസ്റ്റിൽ. കുർല ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമാണ് നടുക്കുന്ന ക്രൂരത. ചുനാഭട്ടി പൊലീസ് മുഹമ്മദ് സൽമാൻ അലം അനത് ഉൾ ഹഖ് എന്ന യുവാവിനെയാണ് പിടികൂടിയത്. ഭിവാൻഡി സ്വദേശിയായ പ്രതി ഒരു ഗോഡൗണിലെ ജോലിക്കാരനാണ്. മരിച്ച കുട്ടി ധാരാവിയിലാണ് താമസിക്കുന്നത്.
കുട്ടിയെ കടത്തിക്കൊണ്ടുപോയി ശ്മശാനത്ത് വച്ചാണ് പീഡനത്തിനിരയാക്കിയത്. കുട്ടി നിലവിളിച്ചതോടെ തല തറയിൽ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുർല ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചാണ് പ്രതി കുട്ടിയെ കാണുന്നത് ചോക്ലേറ്റും പലഹാരങ്ങളും നൽകി വിശ്വാസം ആർജ്ജിച്ച ശേഷമാണ് തട്ടിക്കൊണ്ടു പോയതെന്ന് പാെലീസ് പറഞ്ഞു. പ്രതി കുർലയിൽ ഒരു സുഹൃത്തിനെ കാണാനാണ് എത്തിയത്. പ്രാദേശികരാണ് കുഞ്ഞിനെ മരിച്ച നിലയിൽ കാണുന്നതും പൊലീസിനെ അറിയിക്കുന്നതും. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിയുന്നതും പൊലീസ് പിടികൂടുന്നതും.















