മുനമ്പത്തെ അവഗണിച്ച ജനപ്രതിനിധികൾക്കുള്ള മറുപടിയാണ് വഖഫ് ഭേദഗതി ബിൽ എന്ന് രാജീവ് ചന്ദ്രശേഖർ. മുനമ്പത്തെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്നു ബിജെപി വാക്ക് നൽകിയതാണ്. ആ ഉറപ്പ് പാലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ഭേദഗതി ബില്ല് പാസായതിന് ശേഷം മുനമ്പം ജനതയെ സന്ദർശിക്കാൻ എത്തിയതായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ.
വഖഫ് ഭേദഗതി ബിൽ രാജ്യസഭയും കടന്നത്തോടെ മുനമ്പത്തെ ജനങ്ങളുടെ പ്രശ്ന പരിഹാരത്തിന് വഴിതെളിഞ്ഞിരിക്കുകയാണ്. സമരം തുടങ്ങിയത് മുതൽ നിയമ ഭേദഗതി എന്നതായിരുന്നു സമര സമിതിയുടെ ആവശ്യം. ബില്ല് പാസായതിന് ശേഷം മുനമ്പത്തെത്തിയ രാജീവ് ചന്ദ്രശേഖറിന് വൻ വരവേൽപ്പാണ് ജനങ്ങൾ ഒരുക്കിയത്. സമരത്തിന്റെ ഭാഗമായിരുന്ന 50 പേർ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു.
സമരത്തിന്റെ തുടക്കം മുതൽ മുനമ്പം ജനങ്ങൾക്കൊപ്പം ബിജെപി ഉണ്ടായിരുന്നുവെന്നും ബില്ല് പാസാക്കുമെന്ന് മുനമ്പത്തെ ജനങ്ങൾക്ക് ബിജെപി ഉറപ്പ് നൽകിയിരുന്നതാണെന്നും ആ വാക്ക് പാലിച്ചുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണും വരെ ബിജെപി ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നൽകി. തുഷാർ വെള്ളാപ്പള്ളി, ഷോൺ ജോർജ്ജ്, ജിജി ജോസഫ് തുടങ്ങിയ നേതാക്കളും മുനമ്പം സമരപ്പന്തലിൽ എത്തിയിരുന്നു.
നിയമസഭ പാസാക്കിയ വഖഫ് ഭേദഗതി വിരുദ്ധ സംയുക്ത പ്രമേയം പ്രതീകാത്മകമായി മുനമ്പത്തുകാർ കടലിൽ കെട്ടി താഴ്‌ത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് അഭിവാദ്യം അർപ്പിച്ചായിരുന്നു പ്രമേയം കടലിൽ താഴ്‌ത്തിയത്.















