കൊൽക്കത്ത: പശ്ചിമബംഗാളിൽ രാമനവമി ആഘോഷത്തിന് അനുമതി നൽകി ഹൈക്കോടതി. വ്യവസ്ഥകളോട് കൂടിയാണ് കൊൽക്കത്ത ഹൈക്കോടതി ആഘോഷത്തിന് അനുമതി നൽകിയത്. രാമനവമിയോടനുബന്ധിച്ച് സമാധാനപരമായി റാലിയും ആഘോഷവും സംഘടിപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
ഹിന്ദു സംഘടനയായ അഞ്ജനി പുത്രസേന സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. രാമനവമിയുടെ ഭാഗമായി നടക്കുന്ന ഘോഷയാത്രയ്‌ക്കും ഹൈക്കോടതി പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടുണ്ട്. എല്ലാ തവണയും നരസിംഹ മന്ദിറിൽ നിന്ന് ആരംഭിച്ച് ജിടി റോഡ് വഴി ഹൗറ മൈതാനിയിൽ സമാപിക്കുന്നതാണ് ഘോഷയാത്ര.
ഘോഷയാത്രയിൽ ആയുധങ്ങൾ പാടില്ലെന്ന് ഹൈക്കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. ഘോഷയാത്രയുടെ മുന്നിലും പിന്നിലും പൊലീസ് വാഹനങ്ങൾ വിന്യസിക്കുക, രാവിലെ 8.30-നും ഉച്ചയ്‌ക്ക് 12 മണിക്കും ഇടയിൽ ഘോഷയാത്ര പൂർത്തിയാക്കുക, പങ്കെടുക്കുന്ന 500 പേരിൽ നിന്നും ആധാർ കാർഡ്, പാൻ കാർഡ് എന്നിവ പൊലീസ് ശേഖരിക്കുക എന്നിങ്ങനെയാണ് കോടതിയുടെ മറ്റ് നിബന്ധനകൾ.
വിശ്വഹിന്ദു പരിഷത്തിന്റെ രാമനവമി ആഘോഷത്തിനും ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ ആറ് മണിവരെയാണ് വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്രയ്‌ക്ക് അനുവദിച്ചിരിക്കുന്ന സമയം. മുൻകാലങ്ങളിൽ നടന്ന റാലിയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് റാലി നടത്താൻ അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് സംഘടനകൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിശ്വാസത്തിന്റെ വിജയം എന്നാണ് ബിജെപി എം പി ഗിരിരാജ് സിംഗ് കോടതി നടപടിയെ വിശേഷിപ്പിച്ചത്.















