എറണാകുളം: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന സർക്കാരിന് നിർദേശവുമായി ഹൈക്കോടതി. അന്വേഷണം മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കി തീരുമാനമെടുക്കണമെന്നും ഈ വർഷത്തെ പൂരം ശരിയായ രീതിയിൽ നടത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഡിജിപിക്കാണ് ഹൈക്കോടതിയുടെ നിർദേശം.
മാനദണ്ഡപ്രകാരവും വ്യവസ്ഥാപിതവുമാകണം പൂരം നടത്തിപ്പെന്നും ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നവരെ ഉരുക്ക് മുഷ്ടി കൊണ്ട് തന്നെ നേരിടണമെന്നും കോടതി പറഞ്ഞു. ക്രമസമാധാനം ഉറപ്പുവരുത്താൻ സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടം വഹിക്കണം, കൃത്യമായ പൊലീസ് വിന്യാസം നടത്തണം, ജില്ലാ കളക്ടർ ആവശ്യമായ നടപടികൾ കൈക്കൊള്ളണം എന്നിവയാണ് കോടതി നിർദേശങ്ങൾ.
പൂരം അലങ്കോലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി തീർപ്പാക്കിയിട്ടുണ്ട്. അതേസമയം, തൃശൂർ പൂരം വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകൾ പരഹരിക്കാൻ ദേവസ്വം ഭാരവാഹികളുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഡൽഹിയിലേക്ക് പോകും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തുമെന്നാണ് വിവരം.















