തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തിന് സസ്പെൻഷനിലായിരുന്ന ബെവ്കോ മാനേജരെ തിരിച്ചെടുത്തു. റീജിയണൽ മാനേജർ ആയിരുന്ന കെ. റാഷയെ ആണ് തിരികെ ജോലിയിൽ പ്രവേശിപ്പിച്ചത്. വിജിലൻസ് അനുമതി നൽകിയത് കൊണ്ടാണ് തിരിച്ചെടുത്തതെന്നാണ് ബെവ്കോയുടെ വിശദീകരണം.
65 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ ജൂണിലാണ് റാഷയെ സസ്പെൻഡ് ചെയ്തത്. ഇവർക്കെതിരേ നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നടത്തിയത്. മലപ്പുറത്തെ ഇവരുടെ വീട്ടിലും അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റാഷയ്ക്കെതിരെ നടപടിയെടുത്തത്.
മദ്യക്കമ്പനികളിൽ നിന്ന് കൈക്കൂലിയായി ലഭിച്ച തുക ഉപയോഗിച്ചാണ് സ്വത്ത് വാങ്ങിക്കൂട്ടിയതെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ.















