കോഴിക്കോട്: റിസോർട്ടിലെ പൂളിൽ മുങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി മുഹമ്മദലിയുടെ മകൻ അഷ്മിലാണ് മരിച്ചത്. കോഴിക്കോട് കക്കാടം പൊയിലിലുളള ഒരു സ്വകാര്യ റിസോർട്ടിലാണ് സംഭവം.
കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് സംഭവം, വേനലവധിക്ക് വിനോദയാത്രയ്‌ക്കായി എത്തിയതാണ് കുടുംബം. ബന്ധുക്കൾക്കൊപ്പമാണ് അഷ്മിലും കുടുംബവും കോഴിക്കോടുള്ള റിസോർട്ടിൽ തങ്ങുന്നത്. കുട്ടി അബദ്ധത്തിൽ കാൽ വഴുതി പൂളിലേക്ക് വീണതാകാമെന്നാണ് സംശയം.
കുട്ടിയെ ആദ്യം കൂടരഞ്ഞിയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.















