തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ കൂടുതൽ തെളിവുകൾ. ഗർഭഛിദ്രത്തിന് വേണ്ടി വ്യാജരേഖ തയാറാക്കിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇരുവരും വിവാഹിതരാണെന്ന രേഖയാണ് സുകാന്ത് വ്യാജമായി സൃഷ്ടിച്ചത്. ഇരുവരും വിവാഹിതരാണെന്ന് തെളിയിക്കുന്ന രേഖകളാണ് സുകാന്ത് വ്യാജമായി ഉണ്ടാക്കിയത്. ഈ രേഖകൾ ഐബി ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വ്യാജ ക്ഷണക്കത്തും പൊലീസ് കണ്ടെടുത്തു.
കഴിഞ്ഞ വർഷം ജൂലൈയിലാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഗർഭഛിദ്രം നടത്തിയത്. ഇത് തെളിയിക്കുന്ന ചികിത്സാരേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഗർഭഛിദ്രം നടത്തിയതിന് ശേഷമാണ് സുകാന്ത് യുവതിയുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറിയത്. വിവാഹത്തിന് താത്പര്യമില്ലെന്ന് അറിയിച്ച് യുവതിയുടെ അമ്മയ്‌ക്ക് സുകാന്ത് അയച്ച സന്ദേശവും പൊലീസിന് ലഭിച്ചു. അമ്മയ്‌ക്ക് സന്ദേശം അയച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് യുവതി ആത്മഹത്യ ചെയ്യുന്നത്.
കഴിഞ്ഞ ദിവസം സുകാന്തിനെതിരെ ബലാത്സംഗത്തിന് കേസെടുത്തിരുന്നു. പീഡനം നടന്നതിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. യുവതി മരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും സുകാന്തിനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് സുകാന്ത് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, യുവതി ആത്മഹത്യ ചെയ്തതിന്റെ കാരണം എന്താണെന്ന് ചോദിച്ച കോടതി, ഒപ്പം താമസിച്ചിരുന്ന യുവതിയുടെ ആത്മഹത്യയിൽ സുകാന്തിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി.