ജമ്മു: ജമ്മു മേഖലയിലെ അന്താരാഷ്‌ട്ര അതിർത്തിയിൽ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്. ആർഎസ് പുര സെക്ടറിലെ അബ്ദുള്ളിയൻ പ്രദേശത്ത് നടന്ന വെടിവയ്പ്പിൽ സൈന്യം ഒരു ഭീകരനെ വധിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ അന്താരാഷ്‌ട്ര അതിർത്തിക്ക് സമീപം സംശയാസ്പദമായ നീക്കങ്ങൾ സൈന്യം കണ്ടെത്തിയിരുന്നു. ബിഎസ്എഫ് ഉദ്യോഗസ്ഥർ നിരവധി തവണ മുന്നറിയിപ്പ് നൽകുകയും വെടിയുതിർക്കുകയും ചെയ്തിട്ടും ഭീകരർ നുഴഞ്ഞുകയറ്റ ശ്രമം തുടരുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചത്. കൊല്ലപ്പെട്ട ഭീകരനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിൽ പൂഞ്ചിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപം പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. ഞ്ചിലെ കെജി സെക്ടറിൽ നിയന്ത്രണ രേഖയ്‌ക്ക് കുറുകെയുള്ള ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയാണ് പാകിസ്താൻ വെടിയുതിർത്തത്. ഇന്ത്യൻ സൈന്യത്തിന്റെ കൃഷ്ണ ഘാട്ടി ബ്രിഗേഡിന്റെ കീഴിലുള്ള നാൻഗി ടെക്രി ബറ്റാലിയനിലെ സൈന്യം ശക്തമായി തിരിച്ചടിച്ചു.















