തിരുവനന്തപുരം: പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസുകളും ടാങ്കറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. രണ്ട് സ്ത്രീകളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഒരേ ദിശയിൽ വന്ന വാഹനങ്ങൾ ഒന്നിനുപിറകെ ഒന്നായി ഇടിക്കുകയായിരുന്നു.
തിരുവനന്തപുരം പള്ളിപ്പുറം ജംഗ്ഷനിൽ രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. ആറ്റിങ്ങൽ ഭാഗത്തുനിന്ന് വന്ന കെഎസ്ആർടിസി ബസുകളും പാലുമായി വന്ന ടാങ്കർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് വാഹനങ്ങളുമെത്തിയത് ഒരേ ദിശയിൽ നിന്നായിരുന്നു.
ആദ്യം വന്ന ഫാസ്റ്റ് പാസഞ്ചർ ബസ് ആളെയിറക്കാൻ സ്റ്റോപ്പിൽ നിർത്തിയ സമയത്തായിരുന്നു അപകടം. പിറകെ വന്ന കെഎസ്ആർടിസി ബസിന് ബ്രേക്ക് നഷ്ടപ്പെടുകയും നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിൽ ഇടിച്ചു കയറുകയും ചെയ്തു. തൊട്ടുപിറകെ വന്നിരുന്ന പാൽ വണ്ടി ഇതോടെ ബസുകൾക്ക് പിന്നിലിടിച്ചു.
അപകടത്തിൽ നിരവധി ബസ് യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. 2 കുട്ടികളടക്കം ഏഴുപേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സാരമായി പരിക്കേറ്റ സ്ത്രീകളുടെ നില ഗുരുതരമാണ്.















