കൊളംബോ: ശ്രീലങ്കയുടെ പരമോന്നത ബഹുമതിയായ മിത്ര വിഭൂഷണ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസ്സനായകെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുരസ്കാരം നൽകി ആദരിച്ചത്.
നവരത്നങ്ങൾ പതിച്ച സവിശേഷമായ മെഡലാണ് മിത്ര വിഭൂഷണ പുരസ്കാരം. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള സാംസ്കാരിക പാരമ്പര്യങ്ങളും ബുദ്ധ പൈതൃകവും സൂചിപ്പിക്കുന്ന ധർമ്മ ചക്രയും സമൃദ്ധിയെ സൂചിപ്പിക്കുന്ന കലശവും അമൂല്യമായ സൗഹൃദബന്ധത്തിന്റെ പ്രതീകമായി നവരത്നങ്ങളും അടങ്ങിയ മിത്ര വിഭൂഷണ ബഹുമതിയിൽ കാലാതീതമായ ബന്ധത്തിന്റെ പ്രതീകമായി സൂര്യനും ചന്ദ്രനും ആലേഖനം ചെയ്തിട്ടുണ്ട്.
ഇന്ത്യയും ശ്രീലങ്കയും തമ്മിൽ വളരെ അടുത്ത സുഹൃദ്ബന്ധമാണുള്ളതെന്നും ചരിത്രപരവും മതപരവും സാംസ്കാരികപരവുമായ ബന്ധം പുലർത്തുന്ന അയൽരാജ്യങ്ങളാണ് ഇന്ത്യയും ശ്രീലങ്കയുമെന്നും പ്രധാനമന്ത്രിക്ക് ബഹുമതി നൽകി ആദരിച്ച ശേഷം പ്രസിഡന്റ് ദിസ്സനായകെ പറഞ്ഞു. ഏറെ കാലങ്ങളായി തുടരുന്ന ഈ ബന്ധം പൊതുതാത്പര്യങ്ങളും പരസ്പര ബഹുമാനവും മൂല്യങ്ങളും പങ്കിടുന്നതാണെന്നും ദിസ്സനായകെ പ്രതികരിച്ചു. ശ്രീലങ്കയുടെ പരമോന്നത ബഹുമതിക്ക് ഏറ്റവും അർഹനായ വ്യക്തിത്വമാണ് ഇന്ത്യൻ പ്രധാനമന്ത്രി മോദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















