ഏകദിനത്തിൽ പാകിസ്താന്റെ തുടർച്ചയായുള്ള തോൽവികൾ നീളുന്നു. ഇന്നലെ ഏഴാമത്തെ തോൽവിയാണ് ന്യൂസിലൻഡിനെതിരെ വഴങ്ങിയത്. മൂന്നു മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ അവസാന മത്സരത്തിലും പാകിസ്താൻ നാണംകെട്ടു. 43 റൺസായിരുന്നു അതിഥികളുടെ തോൽവി. നനഞ്ഞ ഔട്ട്ഫീൾഡ് കാരണം മത്സരം 42 ഓവറായി ചുരുക്കിയിരുന്നു.
ഓപ്പണർ റൈസ് മാരിയുവിന്റെയും ക്യാപ്റ്റൻ മൈക്കൽ ബ്രേസ്‌വെല്ലിന്റെയും അർദ്ധസെഞ്ച്വറികളാണ് ന്യൂസിലൻഡിനെ 264/8 എന്ന സ്കോറിലെത്തിച്ചത്. ബെൻ സിയേഴ്സ് തുടർച്ചയായ രണ്ടാമത്തെ അഞ്ച് വിക്കറ്റ് പ്രകടനമാണ് പാകിസ്താനെ നാണം കെടുത്തിയത്. അവർ 221 റൺസിന് പുറത്തായി. ടോസ് നേടിയ് റിസ്വാൻ ന്യൂസിലൻഡിനെ ബാറ്റിംഗിന് വിടുകയായിരുന്നു. ഹെന്റി നിക്കോൾസ് 31 പന്തിൽ 40 റൺസ് നേടി. മാരിയുവിന്റെ കന്നി അർദ്ധശതകമായിരുന്നു.
മറുപടി ബാറ്റിംഗിൽ ഇമാം ഉൾ ഹഖിന് കിവി ഫീൾഡറുടെ ഏറ് കൊണ്ട് കളം വിടേണ്ടിവന്നു. ബാബർ അസമും അബ്ദുള്ള ഷഫീഖും ചേർന്നു പാകിസ്താന് നല്ല തുടക്കം നൽകിയെങ്കിലും ബെൻ സിയേഴ്സിന് മുന്നിൽ മുട്ടിടിച്ചു. ഷഫീഖ് 33 പന്തിൽ 56 റൺസെടുത്ത് പുറത്തായി. ബാബർ 58 പന്തിൽ 50 റൺസെടുത്തു.