കഴിഞ്ഞ ദിവസം മുംബൈക്കെതിരായ മത്സരത്തിനിടെ ഐപിഎൽ നിയമങ്ങൾ ലംഘിച്ചതിന് ലഖ്‌നൗ സൂപ്പർ ജയൻറ്സ് ക്യാപ്റ്റൻ ഋഷഭ് പന്തിനും യുവ സ്പിന്നർ ദിഗ്‌വേഷ് സിംഗ് റാത്തിക്കും കനത്ത പിഴ ചുമത്തി ബിസിസിഐ. ടീമിന്റെ സ്ലോ ഓവർ റേറ്റിനാണ് ക്യാപ്റ്റൻ പന്തിന് പിഴ ചുമത്തിയതെങ്കിൽ താക്കീത് നൽകിയിട്ടും വീണ്ടും വിവാദ വിക്കറ്റ് ആഘോഷം അവർത്തിച്ചതിനും മോശം ഭാഷ ഉപയോഗിച്ചതിനുമാണ് ദിഗ്‌വേഷിന് ശിക്ഷ.
12 ലക്ഷം രൂപയാണ് ലഖ്‌നൗ ക്യാപ്റ്റന് പിഴ ചുമത്തിയിരിക്കുന്നത്. അതേസമയം, ഈ സീസണിൽ തന്റെ ഉജ്ജ്വല പ്രകടനത്തിലൂടെ ശ്രദ്ധേയനായ 23 കാരനായ ഫാസ്റ്റ് ബൗളർ ദിഗ്‌വേഷ് റാത്തിക്ക് ഐപിഎൽ പെരുമാറ്റ ചട്ടത്തിലെ ആർട്ടിക്കിൾ 2.5 പ്രകാരം ലെവൽ 1 കുറ്റം ചെയ്തതിന് മാച്ച് ഫീയുടെ 50 ശതമാനം പിഴയും രണ്ട് ഡീമെരിറ്റ് പോയിന്റുകളും ചുമത്തി. കഴിഞ്ഞ ദിവസം മുംബൈ ബാറ്റർ നമൻ ധീറിന്റെ വിക്കറ്റ് നേടിയതിനുശേഷമാണ് താരം നോട്ട് ബുക്ക് ആഘോഷം വീണ്ടും ആവർത്തിച്ചത്.
ഏപ്രിൽ ഒന്നിന് പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിലും സമാനമായ പ്രവൃത്തിക്ക് ഡീമെറിറ്റ് പോയിന്റ് നേടിയിട്ടുള്ള ദിഗ്‌വേഷിന് ഇപ്പോൾ ആകെ മൂന്ന് ഡീമെറിറ്റ് പോയിന്റുകളുണ്ട്. ഈ മത്സരത്തിൽ മാച്ച് ഫീയുടെ 25 ശതമാനം പിഴയും ചുമത്തിയിരുന്നു. 25 കാരനായ ഡൽഹി സ്പിന്നർ ഇതിനകം 7.62 എന്ന ഇക്കോണമി റേറ്റിൽ ആറ് വിക്കറ്റുകൾ വീഴ്‌ത്തിയിട്ടുണ്ട്.















