തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റതായി റിപ്പോർട്ട്. കോട്ടയം മുണ്ടക്കയത്താണ് സംഭവം. ഏഴ് സ്ത്രീകൾക്കാണ് പരിക്കേറ്റത്. മുണ്ടക്കയം ടൗണിന് സമീപം കിച്ചൻ പാറയിൽ 32 തൊഴിലാളികൾ ജോലി ചെയ്തിരുന്നു. ഇതിനിടെ മിന്നലേറ്റ് ഏഴ് പേർക്ക് നിലത്തുവീണു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടിമിന്നൽ ജാഗ്രതാ നിർദേശം പാലിക്കാൻ ജനങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.















