ന്യൂഡൽഹി: ഓപ്പറേഷൻ ബ്രഹ്മയുടെ ഭാഗമായി ഭൂകമ്പത്തിൽ തകർന്ന മ്യാൻമറിന് ഭക്ഷ്യസഹായം കൈമാറി ഇന്ത്യ. ശനിയാഴ്ച, മ്യാൻമറിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ തെക്കുള്ള തിലാവ തുറമുഖത്ത് നാവിക കപ്പൽ വഴി 442 മെട്രിക് ടൺ ഭക്ഷ്യസഹായമാണ് എത്തിച്ചു നൽകിയത്. . മാർച്ച് 28 ന് മ്യാൻമറിൽ ഉണ്ടായ 7.7 തീവ്രതയുള്ള ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഇവിടെയായിരുന്നു, 3,100 ൽ അധികം പേരാണ് ദുരന്തത്തിൽ മരിച്ചത്.
വിനാശകരമായ ഭൂകമ്പത്തെത്തുടർന്ന് സെർച്ച് ആൻഡ് റെസ്‌ക്യൂ (SAR), മാനുഷിക സഹായം, ദുരന്ത നിവാരണം, വൈദ്യസഹായം എന്നിവയുൾപ്പെടെ ആവശ്യമായ പിന്തുണ നൽകുന്നതിനായി ഇന്ത്യ ആരംഭിച്ച ദൗത്യമാണ് ഓപ്പറേഷൻ ബ്രഹ്മ. ദുരന്തമുണ്ടായി 24 മണിക്കൂറിനുള്ളിൽ ഇന്ത്യ മ്യാൻമറിന് മാനുഷിക സഹായ, ദുരന്ത നിവാരണ (HADR) സാമഗ്രികളുടെ ആദ്യ ഗഡു എത്തിച്ചു.
442 മെട്രിക് ടൺ ഭക്ഷ്യ സഹായത്തിൽ 405 മെട്രിക് ടൺ അരി, 30 മെട്രിക് ടൺ പാചക എണ്ണ, 5 മെട്രിക് ടൺ ബിസ്‌ക്കറ്റ്, 2 മെട്രിക് ടൺ ഇൻസ്റ്റന്റ് നൂഡിൽസ് എന്നിവ ഉൾപ്പെടുന്നു. മ്യാൻമറിലെ ദുരിതബാധിത ജനതയുടെ അടിയന്തര ഭക്ഷ്യ ആവശ്യങ്ങൾ നിറവേറ്റുന്നത് ഉദ്ദേശിച്ചുള്ളതാണ് ഇവയെല്ലാമെന്ന് ഏപ്രിൽ 1 ന് വിശാഖപട്ടണത്ത് നിന്ന് ഐഎൻഎസ് ഘരിയാൽ പുറപ്പെട്ടപ്പോൾ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇന്ത്യയും മറ്റ് ക്വാഡ് പങ്കാളി രാജ്യങ്ങളായ ഓസ്‌ട്രേലിയ, ജപ്പാൻ, യുഎസ് എന്നിവയും മ്യാൻമറിന് ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 20 മില്യൺ യുഎസ് ഡോളറിന്റെ സഹായം വാഗ്ദാനം ചെയ്തു. ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാനും അടിയന്തര മെഡിക്കൽ സംഘങ്ങളെ വിന്യസിക്കാനും തീരുമാനമായി.















