രാമേശ്വരത്തെ പുതിയ പാമ്പൻ പാലത്തിന്റെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ശ്രീലങ്കൻ സന്ദർശനത്തിനുശേഷം പ്രത്യേക വിമാനത്തിൽ രാമേശ്വരത്തെത്തുന്ന മോദി ക്ഷേത്രദർശനത്തിനുശേഷമായിരിക്കും പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുക.
2019ൽ നരേന്ദ്രമോദി തന്നെ തറക്കല്ലിട്ട പാമ്പൻ പാലത്തിന്റെ ഉദ്ഘാടനത്തിനായാണ് അദ്ദേഹം ഇന്ന് രാമേശ്വരത്തേക്ക് എത്തുന്നത്. ക്ഷേത്രദർശനം നടത്തിയ ശേഷം ഉച്ചയ്‌ക്ക് 12 മണിയോടെയാകും പാലത്തിന്റെ ഫ്ലാഗ് ഓഫ്.
ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപാലമാണ് പാമ്പൻ പാലം. 550 കോടി രൂപ ചെലവിലാണ് ഇത് നിർമിച്ചിരിക്കുന്നത്. വെർട്ടിക്കൽ ബ്രിഡ്ജായ പാമ്പൻ പാലത്തിന് 72.5 മീറ്റർ ലിഫ്റ്റ് സ്പാൻ ഉണ്ട്. രാമേശ്വരത്തെ തമിഴ്നാടിന്റെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ കടൽപാലം ട്രെയിൻ സർവീസുകളെ തടസപ്പെടുത്താതെ വലിയ കപ്പലുകൾക്ക് കടന്നുപോകാൻ സഹായിക്കും.
1914-ൽ നിർമ്മിച്ച യഥാർത്ഥ പാമ്പൻ പാലം ഒരു നൂറ്റാണ്ടിലേറെക്കാലം സഞ്ചാരികളെ വഹിച്ചു. രാമേശ്വരം ദ്വീപിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന തീർത്ഥാടകർ, വിനോദസഞ്ചാരികൾ, വ്യാപാരികൾ എന്നിവർക്ക് നിർണായകമാണ് ഈ പാലം. പുതിയ പാമ്പൻ റെയിൽ പാലം ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി രാമേശ്വരം-താംബരം (ചെന്നൈ) പുതിയ ട്രെയിൻ സർവീസും ഫ്ലാഗ് ഓഫ് ചെയ്യും.
പാമ്പൻ പാലം നാടിന് സമർപ്പിച്ച ശേഷം പ്രധാനമന്ത്രി പൊതുസമ്മേളന നഗരിയിൽ എത്തും. അവിടെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിക്ക് പുറമെ തമിഴ്നാട് ഗവർണർ ആർ.എൻ രവി, കേന്ദ്ര സഹമന്ത്രി എൽ.മുരുകൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.















