അയോദ്ധ്യ: രാമനവമിയുടെ പുണ്യ ദിനത്തിൽ അയോധ്യയുടെ തീരങ്ങളിൽ ലക്ഷക്കണക്കിന് ദീപങ്ങൾ തെളിഞ്ഞു. ചൗധരി ചരൺ സിംഗ് ഘട്ടിലെ സരയു നദിയുടെ തീരത്താണ് വൈകീട്ട് 2.5 ലക്ഷത്തിലധികം മൺചെരാതുകൾ തെളിയിച്ചത്. നഗരം മുഴുവൻ “ജയ് ശ്രീറാം” വിളികൾ പ്രതിധ്വനിച്ചു. ദീപാവലിയെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ദീപോത്സവത്തിന് അയോദ്ധ്യ വേദിയായി.
സന്ധ്യാ ആരതിയിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് ഭക്തർ ഘാട്ടുകളിൽ ഒത്തുകൂടി. രാമനവമിയോടനുബന്ധിച്ച് ക്ഷേത്രം വിളക്കുകളും പൂക്കളും കൊണ്ട് മനോഹരമായി അലങ്കരിച്ചിരുന്നു. രാം ലല്ലയ്‌ക്കായി പ്രത്യേക പൂജകളും നടന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാമനവമി ദിനത്തിൽ ഹൃദയംഗമമായ ആശംസകൾ നേർന്നിരുന്നു.
“ഇന്ത്യയുടെ ആത്മാവിന്റെ, മാനവികതയുടെ ആദർശത്തിന്റെ, മതത്തിന്റെ ഏറ്റവും മികച്ച രൂപത്തിന്റെ, നമ്മുടെ ആരാധ്യമായ പുരുഷോത്തമനായ ഭഗവാൻ ശ്രീരാമന്റെ പവിത്രമായ ജന്മദിനത്തിൽ എല്ലാ രാമ ഭക്തർക്കും സംസ്ഥാനത്തെ ജനങ്ങൾക്കും ശ്രീരാമ നവമി ആശംസകൾ! ഇന്ത്യയുടെ വിശ്വാസത്തിലും അന്തസ്സിലും തത്ത്വചിന്തയിലും രാമൻ ഉണ്ട്. ഇന്ത്യയുടെ ‘നാനാത്വത്തിൽ ഏകത്വ’ത്തിന്റെ സൂത്രവാക്യമാണ് രാമൻ,” സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ അദ്ദേഹം എഴുതി.