മദ്യ ലഹരിയിൽ സംവിധായകൻ ഓടിച്ച കാർ മാർക്കറ്റിൽ ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. എട്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബംഗാളി സിനിമ-ടെലിവിഷൻ സംവിധായകൻ സിദ്ധാന്ത്ദാസിനെ(35) പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്തയിൽ തിരക്കേറിയ മാർക്കറ്റിലേക്കാണ് വാഹനം ഇടിച്ച് കയറിയത്. കാർ അമിതവേഗതിയിലായിരുന്നു എന്ന് ദൃക്സാക്ഷികൾ മൊഴി നൽകി. നാല് കുപ്പി മദ്യം കാറിൽ നിന്ന് കണ്ടെടുത്തു. രണ്ട് യുവതികളും ഈ സമയത്ത് സംവിധായകനൊപ്പം കാറിൽ ഉണ്ടായിരുന്നു.
രാവിലെ ഒൻപത് മണിയോടെ താക്കൂർപുകുർ പ്രദേശത്താണ് അപകടമുണ്ടായത്. ബക്രഹത്തിൽ നിന്ന് ഗരിയഹട്ടിലേക്ക് പോകുകയായിരുന്ന സംവിധായകൻ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. വഴിയോര കച്ചവടക്കാർക്കും കാൽനടയാത്രക്കാർക്കും ഇടയിലേക്ക് വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. ഒടുവിൽ പാർക്ക് ചെയ്തിരുന്ന ഒരു സ്കൂട്ടറിൽ ഇടിച്ചാണ് കാർ നിന്നത്..
ഓടിരക്ഷപ്പെടാൻ ശ്രമിച്ച സിദ്ധാന്ത്ദാസിനെ നാട്ടുകാർ തടഞ്ഞുവെച്ച് കൈകാര്യം ചെയ്തശേഷമാണ് പൊലീസിൽ ഏൽപ്പിച്ചത്. സിദ്ധാന്തിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ കൂടെയുണ്ടായിരുന്ന ഒരു യുവതി ഓടി രക്ഷപ്പെട്ടു. പച്ചക്കറി വ്യാപാരിയായ അമിനൂർ റഹ്മാൻ (63) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റൊരാളുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















