സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര ടീമിലേക്ക് മടങ്ങിയെത്തിയതോടെ പതിന്മടങ്ങ് ശക്തിയിൽ തിരിച്ചുവരാൻ ഒരുങ്ങുകയാണ് മുംബൈ ഇന്ത്യൻസ്. ബോർഡർ-ഗവാസ്കർ ട്രോഫിക്കിടെ പരിക്കേറ്റ ബുമ്ര ബിസിസിഐയുടെ ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചതോടെയാണ് മുംബൈ ക്യാമ്പിനൊപ്പം ചേർന്നത്. കളിച്ച നാല് കളികളിൽ മൂന്നിലും തോറ്റ മുംബൈക്ക് ബുമ്രയുടെ സാന്നിധ്യം ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.
തിരിച്ചെത്തിയ ബുമ്രയെ കൈകളിൽ എടുത്തുയർത്തിയാണ് എംഐ ബാറ്റിംഗ് കോച്ച് പൊള്ളാർഡ് പ്രത്യേക സ്വീകരണം നൽകിയത്. രാജാവിന് സ്വാഗതമെന്ന്പറഞ്ഞ് പൊള്ളാർഡ് ബുമ്രയെ എടുത്തുയർത്തിയപ്പോൾ ചുറ്റും നിന്നവർ കരഘോഷം മുഴക്കി ഇത് സാഗതം ചെയ്തു. വീഡിയോ മുംബൈ ഇന്ത്യൻസ് തങ്ങളുടെ ഒദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലും പങ്കുവച്ചു. ഇത് സോഷ്യൽ മീഡിയയിലെ എംഐ ആരാധകർക്കിടയിൽ ഒരു ചെറിയ ഭയം ജനിപ്പിച്ചു.
വീണ്ടും പരിക്കേൽക്കുമെന്ന് ഭയന്ന് ബുമ്രയെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് പൊള്ളാർഡിനോട് ആവശ്യപ്പെട്ട് മുംബൈ ഇന്ത്യൻസ് ആരാധകർ X-ലെ പോസ്റ്റിൽ കമന്റ് ചെയ്തു. ” ഇന്ത്യയുടെ കോഹിനൂർ, ദയവായി ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. ജൂണിൽ ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുള്ള ഒരു പ്രധാന ടെസ്റ്റ് പര്യടനം വരാനിരിക്കുന്നു,” ഒരു ആരാധകൻ പറഞ്ഞു. “സൂക്ഷിച്ച്, അദ്ദേഹത്തെ വീണ്ടും പരിക്കേൽപ്പിക്കരുത്,” മറ്റൊരാൾ കുറിച്ചു.