മധുര: സിപിഎം പാർട്ടി കോൺഗ്രസിനിടെ തഞ്ചാവൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യയും മകളും. ബൃഹദീശ്വര ക്ഷേത്രമാണ് വീണാ വിജയും കമലയും സന്ദർശിച്ചത്. പൊലീസ് സംരക്ഷണത്തിൽ ക്ഷേത്രത്തിലെത്തിയ ഇവരുടെ വീഡിയോ ഒരു യുട്യൂബ് ബ്ലോഗറാണ് പുറത്തുവിട്ടത്.
ഏപ്രിൽ നാലിന് ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവിട്ടതെന്നാണ് വ്ലോഗറുടെ അവകാശവാദം. പിണറായിക്കൊപ്പം പാർട്ടി കോൺഗ്രസിന് കുടുംബവും മധുരയിലുണ്ടായിരുന്നു. ഇതിനിടെയായിരുന്നു ക്ഷേത്ര സന്ദർശനം. എസ്എഫ്ഐഒ കേസിൽ വിചാരണ നേരിടാനിരിക്കെയാണ് വീണയുടെ ക്ഷേത്ര സന്ദർശനമെന്നതും ചർച്ചയാകുന്ന കാര്യമാണ്.
മധുരയില്‍നിന്ന് മൂന്ന് മണിക്കൂര്‍ യാത്ര ചെയ്താലാണ് തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തില്‍ എത്താനാവുക. കവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന തഞ്ചാവൂർ ജില്ലയിലാണ് ക്ഷേത്രം. ശിവനാണ് പ്രധാന പ്രതിഷ്ഠ. പരമശിവനെ ലിംഗരൂപത്തിലാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അതേസമയം വീഡിയോ പുറത്തുവന്നതോടെ വ്യാപക പരിഹാസമാണ് ഉയരുന്നത്. അണികൾക്കും നേതാക്കൾക്കും രണ്ടു നീതിയാണെന്നും പറയുന്നതും ചെയ്യുന്നതും പകലും പാതിരാവും പോലെ വ്യത്യസ്തമെന്നാണ് കളിയാക്കലുകളും.















