തിരുവനന്തപുരം: സി പി ഐ സമ്മേളനങ്ങളിൽ മത്സരത്തിന് വിലക്ക് എന്ന് റിപ്പോർട്ട് . നടന്നു കൊണ്ടിരിക്കുന്ന സമ്മേളനങ്ങളിലേക്കാണ് ഈ തീരുമാനം. മുകളിൽ നിന്ന് കെട്ടി ഇറക്കുന്ന ഔദ്യോഗിക പാനലിനെതിരെ മത്സരം ഉണ്ടെങ്കിൽ സമ്മേളനം തന്നെ സസ്പെൻഡ് ചെയ്യും എന്നതാണ് പാർട്ടിയുടെ തീരുമാനം. ജില്ലാ നേതൃയോഗങ്ങളിൽ പങ്കെടുക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യും.
ബിനോയ് വിശ്വം നേതൃത്വം നൽകുന്ന സംസ്ഥാന കമ്മിറ്റിക്കെതിരെ സിപിഐയിൽ താഴെക്കിടയിൽ പോലും എതിർപ്പ് ശക്തമാണ്. കെ ഈ ഇസ്മായിലിനെതിരെ ബിനോയ് വിശ്വം ഗ്രൂപ്പ് എടുത്ത നടപടിയിലും അംഗങ്ങൾക്ക് അഭിപ്രായ വ്യത്യാസമുണ്ട്. പാർട്ടിയിലെ അധികാര കേന്ദ്രങ്ങളെ ഒപ്പം നിർത്തി കസേര ഉറപ്പിക്കാനുള്ള തന്ത്രമാണ് മത്സരം ഒഴിവാക്കാനുള്ള നീക്കമെന്ന് വിലയിരുത്തലുണ്ട്.
നേതൃത്വത്തിനെതിരായ അതൃപ്തി സമ്മേളനങ്ങളിൽ പ്രതിഫലിക്കും എന്ന ആശങ്ക ബിനോയ് വിശ്വം പക്ഷത്തിനുണ്ട്. ഇതേ തുടർന്നാണ് മത്സര വിലക്ക് ഏർപ്പെടുത്തുന്നത്. സി പി ഐയിൽ നിലവിൽ ലോക്കൽ സമ്മേളനങ്ങൾ ആണ് നടന്നു വരുന്നത്. അത് മണ്ഡലം ജില്ലാ തലങ്ങളിലേക്ക് എത്തുമ്പോൾ നിലവിലെ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത എതിർപ്പുണ്ടാകും എന്ന് അവർ ഭയക്കുന്നുണ്ട്.അതാണ് ഇപ്പോഴത്തെ തീരുമാനത്തിന് പിന്നിൽ എന്നാണ് അനുമാനം.
സിപിഐ യുടെ വളർച്ചക്കും ഭാവിക്കും വേണ്ടിയാണ് ഈ ഉചിതമായ തീരുമാനം എന്ന വിചിത്ര വാദമാണ് ബിനോയ് വിശ്വം മുന്നോട്ട് വെക്കുന്നത്. എന്നാൽ ഇത് ബിനോയ് വിശ്വത്തിന്റെ ഭാവിക്കു വേണ്ടി മാത്രമുളള തീരുമാനമാണ് എന്നാണ് വിമർശനം.















