എറണാകുളം : സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിഷാമിന് പരോൾ അനുവദിച്ചു. ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് പരോൾ അനുവദിച്ചിരിക്കുന്നത്. നിഷാമിന്റെ ഭാര്യ നൽകിയ അപേക്ഷയെ തുടർന്നാണ് കോടതി നടപടി. 15 ദിവസത്തേക്കാണ് പരോൾ നൽകിയത്. സംസ്ഥാന സർക്കാരിനോട് വ്യവസ്ഥകൾ നിശ്ചയിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
30 ദിവസത്തെ പരോൾ അനുവദിക്കണമെന്നാണ് അപേക്ഷയിൽ പറഞ്ഞിരുന്നത്. മാതാവിന്റെ ചികിത്സ ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നൽകിയത്. ഹൈക്കോടതി സിംഗിൾ ബെഞ്ച് അപേക്ഷ ആദ്യം നിഷേധിച്ചിരുന്നു. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയതിനെ തുടർന്നാണ് പരോൾ നൽകാൻ തീരുമാനമായത്.
നിലവിൽ വിയ്യൂർ ജയിലിലാണ് നിഷാം കഴിയുന്നത്. പരോളിന്റെ വ്യവസ്ഥകൾ ജയിൽ വകുപ്പാണ് തീരുമാനിക്കേണ്ടത്. പരോൾ അനുവദിച്ചുള്ള ഹൈക്കോടതി ഉത്തരവ് ജയിൽ അധികൃതർ സർക്കാരിന് കൈമാറും.
2015 ജനുവരിയിലാണ് സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ നിഷാം കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. തൃശൂർ സിറ്റിയിലായിരുന്നു സംഭവം. ഗേറ്റ് തുറക്കാൻ താമസിച്ചതിനെ തുടർന്നുള്ള ദേഷ്യമാണ് കൊലപാതകത്തിന് കാരണം. ചന്ദ്രബോസ് കൊലക്കേസിൽ ജീവപര്യന്തം തടവിനാണ് വിചാരണ കോടതി നിഷാമിനെ ശിക്ഷിച്ചത്.