മുംബൈ: മൂന്ന് ദിവസത്തെ ചോരക്കളിക്ക് ശേഷം പച്ചതൊട്ട് ഇന്ത്യന്‍ ഓഹരി വിപണി. ചൊവ്വാഴ്ച ബിഎസ്ഇ സെന്‍സെക്‌സ് ഉച്ചയോടെ 1650 പോയന്റ് ഉയര്‍ന്ന് 74802 ല്‍ എത്തി. 2.25% മുന്നേറ്റമാണ് സെന്‍സെക്‌സില്‍ ഉണ്ടായത്. അതേസമയം എന്‍എസ്ഇ നിഫ്റ്റി 515 പോയന്റ് ഉയര്‍ന്ന് 22675 ല്‍ തൊട്ടു. 2.2% മുന്നേറ്റം. ഐടി ഓഹരികള്‍ 2.8% മുന്നേറ്റം കൈവരിച്ചു. എഫ്എംസിജി മേഖല 2.3 ശതമാനവും ഫാര്‍മ ഓഹരികള്‍ 2.15 ശതമാനവും മുന്നേറി. ബാങ്കിംഗ് ഓഹരികളിലും ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലയിലും ഓട്ടോ, ഇന്‍ഫ്ര, എനര്‍ജി, ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലകളിലും മുന്നേറ്റം ദൃശ്യമായി.
താരിഫ് യുദ്ധം ഇന്ത്യയെ ബാധിച്ചേക്കില്ല
വിപണിയില്‍ പോസിറ്റീവായ മാറ്റം കാണാനുള്ള പ്രധാന കാരണങ്ങളിലൊന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധം ഇന്ത്യയെ സാരമായി ബാധിക്കില്ലെന്ന വിശ്വാസമാണ്. 27% താരിഫാണ് ഇന്ത്യക്ക് മേല്‍ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ചൈനക്ക് മേല്‍ 54 ശതമാനം താരിഫാണ് ചുമത്തപ്പെട്ടിരിക്കുന്നത്. 10 ശതമാനം അടിസ്ഥാന താരിഫും കൂടി ചേരുമ്പോള്‍ ഇത് 64 ശതമാനമാവും. വിയറ്റ്‌നാമിന് മേല്‍ 46 ശതമാനവും ശ്രീലങ്കക്ക് മേല്‍ 44 ശതമാനവും ബംഗ്ലാദേശിന് 37 ശതമാനവും തായ്ലന്‍ഡിന് 36 ശതമാനവും തായ്വാന് 32 ശതമാനവും താരിഫ് ചുമത്തപ്പെട്ടിട്ടുണ്ട്.
ഇതിനൊപ്പം ഇന്ത്യ യുഎസുമായി ഒരു ഉഭയകക്ഷി വ്യാപാര കരാര്‍ (ബിടിഎ) ചര്‍ച്ച ചെയ്ത് വരികയാണ്. കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ താരിഫ് ഇനിയും താഴും. വ്യാപാര യുദ്ധം യുഎസിലും ചൈനയിലും മാത്രമായി ഒതുങ്ങാന്‍ സാധ്യതയുണ്ടെന്ന് സൂചനയുണ്ടെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ മുഖ്യ നിക്ഷേപ തന്ത്രജ്ഞന്‍ വി കെ വിജയകുമാര്‍ പറയുന്നു. യൂറോപ്യന്‍ യൂണിയനും ജപ്പാനും യുഎസുമായി ചര്‍ച്ചകള്‍ക്ക് തീരുമാനിച്ചിട്ടുണ്ടെന്നും ഇന്ത്യ ഇതിനകം യുഎസുമായി ബിടിഎയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
അനുകൂല ഘടകങ്ങള്‍ നിരവധി
യുഎസ് ഡോളറുമായി തട്ടിച്ചു നോക്കുമ്പോള്‍ രൂപയുടെ മൂല്യം മെച്ചപ്പെടുന്നതും ഇന്ത്യന്‍ വിപണിയിലെ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 64 ഡോളറിലേക്ക് താഴ്ന്നതാണ് ഇന്ത്യക്ക് അനുകൂലമായ മറ്റൊരു ഘടകം. ബുധനാഴ്ച ആര്‍ബിഐ ധനനയം പ്രഖ്യാപിക്കുന്നതും പ്രതീക്ഷയോടെയാണ് നിക്ഷേപകര്‍ കാണുന്നത്. പലിശ നിരക്കുകള്‍ കാല്‍ ശതമാനം കുറയ്‌ക്കുമെന്ന പ്രതീക്ഷ സജീവമാണ്. മറ്റൊന്ന് നാലാം പാദ കോര്‍പ്പറേറ്റ് ഫലങ്ങളുടെ പ്രഖ്യാപനമാണ്. രണ്ടാം പാദത്തിലും മൂന്നാം പാദത്തിലും കോര്‍പ്പറേറ്റ് ഫലങ്ങള്‍ പിന്നോട്ടടിച്ചത് വിപണിക്ക് തിരിച്ചടിയായിരുന്നു. നാലാം പാദ ഫലങ്ങള്‍ മെച്ചപ്പെട്ടതായിരിക്കുമെന്ന പ്രതീക്ഷ വിപണിയില്‍ സജീവമാണ്. ഏപ്രില്‍ 10 മുതലാണ് കമ്പനികള്‍ നാലാം പാദ ഫലങ്ങള്‍ പ്രഖ്യാപിക്കുക.