മുംബൈ: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്കാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നതെന്നും ചൈനീസ് കമ്പനിയായ ബിവൈഡി കമ്പനിയുടെ ഇന്ത്യന്‍ വിപണി പ്രവേശനം നിയന്ത്രിക്കുമെന്നും വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി.
”ഇന്ത്യ അതിന്റെ തന്ത്രപരമായ താല്‍പ്പര്യങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണം, ആരെയാണ് നാം നിക്ഷേപിക്കാന്‍ അനുവദിക്കുന്നതെന്നത് സംബന്ധിച്ച്,” വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ മുംബൈയില്‍ ഇന്ത്യ ഗ്ലോബല്‍ ഫോറത്തില്‍ പങ്കെടുത്ത് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇന്ത്യ ഒരു പ്രാദേശിക പങ്കാളിയുമായുള്ള ബിവൈഡിയുടെ 1 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ നിര്‍ദ്ദേശം നിരസിച്ചിരുന്നു. ചൈനീസ് കാര്‍ നിര്‍മ്മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോര്‍ കമ്പനിയും നിയമപരമായ അനുമതികള്‍ നേടുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് പുറത്തുപോയി.
ചൈനീസ് സ്ഥാപനങ്ങളുടെ അവ്യക്തമായ ഉടമസ്ഥാവകാശ ഘടനകളെക്കുറിച്ചും കമ്മ്യൂണിസ്റ്റ് ഭരണകൂടവുമായും സൈന്യവുമായും ഉള്ള അവരുടെ ബന്ധത്തെക്കുറിച്ചും ഇന്ത്യക്ക് ആശങ്കകളുണ്ട്. ചൈനീസ് സര്‍ക്കാര്‍ വാഹന നിര്‍മ്മാതാക്കള്‍ക്കു നല്‍കുന്ന സബ്സിഡികള്‍, വായ്പ എഴുതിത്തള്ളല്‍ തുടങ്ങിയ നയങ്ങളും ഇന്ത്യ ആശങ്കയോടെയാണ് കാണുന്നത്.
പ്രസ് നോട്ട് 3 വഴി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച നിക്ഷേപ പരിശോധനകള്‍ ഇപ്പോഴും നിലവിലുണ്ട്. ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ നിക്ഷേപങ്ങള്‍ക്കും സര്‍ക്കാര്‍ അനുമതി ലഭിക്കണമെന്ന് ഈ നയം അനുശാസിക്കുന്നു. ആര്‍ക്കൊക്കെ നിക്ഷേപിക്കാമെന്ന് നിര്‍ണ്ണയിക്കുന്നതില്‍ ഇത് സര്‍ക്കാരിന് നിര്‍ണായക അധികാരം നല്‍കുന്നു. മേഘ എഞ്ചിനീയറിംഗുമായി ബിവൈഡിയുടെ 1 ബില്യണ്‍ ഡോളറിന്റെ സംയുക്ത സംരംഭത്തെ തടയാന്‍ മോദി സര്‍ക്കാര്‍ ഇത് ഉപയോഗിച്ചിരുന്നു.
ടെസ്ല ഇതുവരെ
മുംബൈയിലും ഡല്‍ഹിയിലും ഷോറൂമുകള്‍ക്കായി സ്ഥാലം വാടകക്കെടുത്ത ടെസ്‌ല, സെയില്‍സ് ആന്‍ഡ് സര്‍വീസ് ഉപദേഷ്ടാക്കള്‍ മുതല്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് സ്‌പെഷ്യലിസ്റ്റുകള്‍ വരെ വിവിധ പദവികളിലേക്ക് ആളുകളെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതിവര്‍ഷം 500,000 വാഹനങ്ങള്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കാനാണ് ടെസ്ലയുടെ പദ്ധതി. 2-3 ബില്യണ്‍ ഡോളര്‍ വരുന്ന ഗിഗാഫാക്ടറിയാണ് ഇതിനായി സ്ഥാപിക്കുക. യഥാക്രമം 5 ബില്യണ്‍ ഡോളറും 7 ബില്യണ്‍ ഡോളറുമാണ് ബെര്‍ലിനിലെയും ടെക്സാസിലെയും ഗിഗാഫാക്ടറികള്‍ക്കായി ടെസ്‌ല ചെലവിട്ടത്. ഇന്ത്യയിലെ ഭൂമി വിലയും തൊഴില്‍ ചെലവുകളും താരതമ്യേന കുറവാണ്.
ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിനുള്ള ഒരു ആഗോള കേന്ദ്രമാകാനാണ് ഇന്ത്യ സ്വപ്‌നം കാണുന്നത്. ഉയര്‍ന്ന താരിഫാണ് ഇതുവരെ ടെസ്ലയെ ഇന്ത്യയില്‍ അകറ്റിയത്. കേന്ദ്ര സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് നല്‍കിയ ഉറപ്പുകളാണ് ഇന്ത്യയിലേക്ക് കടന്നുവരാന്‍ കമ്പനിക്ക് ധൈര്യം നല്‍കിയത്. ടെസ്ലയെ നേരിടാന്‍ ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ്, മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് തുടങ്ങിയ ഇന്ത്യയിലെ തദ്ദേശീയ ഇന്ത്യന്‍ ഇവി നിര്‍മ്മാതാക്കള്‍ ഇതിനകം തന്നെ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.















