വിവാഹമിങ്ങടുത്തു.. പക്ഷെ രണ്ടുപേരെ കാണാനില്ല. ഒന്ന് കല്യാണച്ചെക്കൻ, മറ്റൊന്ന് വധുവിന്റെ അമ്മ. അമ്മായിയമ്മയും മരുമകനും ഒരേസമയം അപ്രത്യക്ഷരായപ്പോൾ വീട്ടുകാരും നാട്ടുകാരും ഭയന്നു. സ്വർണാഭരണങ്ങളും പണവും സൂക്ഷിച്ച അലമാര ശൂന്യമായെന്ന് കൂടി ബോധ്യപ്പെട്ടതോടെ പെൺകുട്ടിയും കുടുംബം ഞെട്ടി. അവർ സംശയിച്ചത് തന്നെ സംഭവിച്ചിരിക്കുന്നു..
ട്വിസ്റ്റുകളെ വെല്ലുന്ന ട്വിസ്റ്റ് നടന്നത് സിനിമയിലോ സീരിയലിലോ അല്ല!! ഇത് റീൽ അല്ല റിയൽ ആണെന്ന് വേദനയോടെ പറയുകയാണ് ഒരു കുടുംബം.
മകളുടെ വിവാഹത്തിനായി കരുതിവച്ച സ്വർണാഭരണങ്ങളുമായി മകളുടെ പ്രതിശ്രുത വരനൊപ്പം നാടുവിടുകയായിരുന്നു അമ്മ. യുപിയിലെ അലിഗഡിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. മദ്രക് പൊലീസ് സ്റ്റേഷൻ ഏരിയയിലാണ് ഈ വിചിത്രമായ കേസിനാസ്പദമായ സംഭവം. മകളുടെ കല്യാണത്തിന് ഒമ്പത് ദിവസം ബാക്കിനിൽക്കെ പ്രതിശ്രുതവരനൊപ്പം ഒളിച്ചോടുകയായിരുന്നു അമ്മ.
ഭാവി അമ്മായിയമ്മയും, ഭാവി മരുമകനും ഒരുമിച്ച് നാടുവിട്ടതോടെ പെൺകുട്ടിയുടെ കുടുംബം അവതാളത്തിലായി. കല്യാണത്തിന് ഒരുക്കിവച്ച സ്വർണാഭരണങ്ങൾ കൂടി നഷ്ടപ്പെട്ട സാഹചര്യത്തിൽ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു കുടുംബം.
അമ്മ തന്നെയായിരുന്നു വിവാഹം സംഘടിപ്പിച്ചത്. ഇതിനായി ഒരുക്കങ്ങൾ നടത്താൻ സഹായിക്കാമെന്ന പേരിൽ പ്രതിശ്രുത വരൻ പെൺവീട്ടിലേക്ക് പലതവണ എത്തിയിരുന്നു. എന്നാൽ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് മറ്റൊരാളും അറിഞ്ഞില്ല. ഏപ്രിൽ 16ന് നിശ്ചയിച്ച വിവാഹത്തിനായി തയ്യാറെടുപ്പുകൾ പുരോഗമിക്കുകയും ചെയ്തു. നാടൊട്ടാകെ വിവാഹക്ഷണക്കത്ത് വിതരണം ചെയ്തതിന് പിന്നാലെ അമ്മായിയമ്മയെയും മരുമകനെയും കാണാതാവുകയായിരുന്നു. സംശയം തോന്നിയതോടെ പെൺകുട്ടിയുടെ പിതാവ് അലമാര പരിശോധിച്ചപ്പോഴാണ് വിവാഹത്തിനായി വാങ്ങിയ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കാണാതായവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം.