ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഇനി ഇ- ഓട്ടോകൾ മാത്രം. സിഎൻജി ഓട്ടോറിക്ഷകൾ പൂർണമായും ഒഴിവാക്കി ഇ- ഓട്ടോറിക്ഷയിലേക്ക് മാറാനാണ് സർക്കാർ പദ്ധതിയിടുന്നത്. വായുമലിനീകരണം ഒഴിവാക്കാനാണ് ഇത്തരത്തിലൊരു സുപ്രധാന പദ്ധതിക്ക് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഡൽഹി സർക്കാരിന്റെ കരട് വാഹനനയത്തിൽ നിർദേശങ്ങളുണ്ട്.
ഓഗസ്റ്റ് 15 മുതൽ ഡൽഹിയിൽ സിഎൻജി ഓട്ടോകൾ ഉണ്ടാകില്ല. പത്ത് വർഷത്തിലധികം പഴക്കമുള്ള സിഎൻജി ഓട്ടോകൾ വൈദ്യുത ബാറ്ററികളിൽ പ്രവർത്തിപ്പിക്കണം. ഇതിനായി ഓട്ടോകൾ പുനർനിർമിക്കണമെന്ന് കരട് നയത്തിൽ പറയുന്നു. നഗരത്തിലുടനീളം ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത ഗണ്യമായി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡൽഹി സർക്കാർ ഇവി നയം അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.
സിഎൻജി ഓട്ടോറിക്ഷകൾ ഘട്ടംഘട്ടമായി നിർത്തലാക്കാനാണ് തീരുമാനം. ഓഗസ്റ്റ് 15 മുതൽ ഡൽഹിയിൽ പെട്രോൾ, ഡീസൽ, സിഎൻജി എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇരുചക്ര വാഹനങ്ങൾക്ക് സർവീസ് നടത്താൻ അനുവാദമില്ല. സിഎൻജി, ഡീസൽ, പെട്രോൾ എന്നിവയിൽ പ്രവർത്തിക്കുന്ന മുച്ചക്ര വാഹനങ്ങളുടെ രജിസ്ട്രേഷൻ നിർത്തലാക്കുന്നതിനുള്ള നിർദ്ദേശവും മുന്നോട്ടുവച്ചിട്ടുണ്ട്.
തലസ്ഥാനത്തെ പാരിസ്ഥിതിക പ്രശ്നങ്ങൾ കുറച്ച് ഗതാഗതസൗകര്യങ്ങൾ പരിസ്ഥിതിസൗഹാർദ്ദമാക്കാനാണ് സർക്കാരിന്റെ നീക്കം. ഡൽഹിയിൽ ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാക്കാനുള്ള തീരുമാനത്തെ കൂടാതെയാണ് വൈദ്യുത വാഹനനയം പുതുക്കുന്നത്.