ചെന്നൈ: കോയമ്പത്തൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പാസ്റ്റർക്കെതിരെ കേസെടുത്തു. സോഷ്യൽമീഡിയയിൽ ഉൾപ്പെടെ പ്രശസ്തനായ ജോൺ ജെബരാജിനെതിരെയാണ് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. പെൺകുട്ടികൾ നൽകിയ പരാതിയെ തുടർന്ന് ഇയാൾക്കെതിരെ പോക്സോ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു. നിലവിൽ ഒളിവിലാണ് ഇയാൾ.
കോയമ്പത്തൂരിലെ കിംഗ് ജനറേഷൻ പ്രാർത്ഥന ഹാളിലെ പാസ്റ്ററാണ് ജോൺ ജെബരാജ്. 2024 മേയിലായിരുന്നു കേസിനാസ്പദമായ സംഭവം. ജെബരാജിന്റെ വീട്ടിൽ വച്ചാണ് പീഡനം നടന്നത്. പതിനേഴും പതിനാലും വയസ് പ്രായമുള്ള പെൺകുട്ടികളാണ് പീഡനത്തിനിരയായത്.
ജെബരാജിന്റെ ഭാര്യാപിതാവിനും സംഭവത്തിൽ പങ്കുണ്ടെന്നാണ് വിവരം. ഇയാളാണ് കുട്ടികളെ വീട്ടിലെത്തിച്ചത്. ഒളിവിൽ പോയ ജെബരാജിനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. ഇതിനായി പ്രത്യേക സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.
സോഷ്യൽമീഡിയയിൽ സജീവമാണ് പ്രതിയായ പാസ്റ്റർ ജോൺ ജെബരാജ്. യൂട്യൂബ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ വലിയ തോതിൽ ഫോളോവേഴ്സുള്ള വ്യക്തിയാണ് ഇയാൾ.