മമ്മൂട്ടി നായകനായ ത്രില്ലർ ചിത്രം ബസൂക്കയുടെ ടീസർ പുറത്തിറങ്ങി. മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്. അതിഗംഭീര മേക്കിംഗിലൂടെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതാണ് പുറത്തെത്തിയ ടീസർ. പ്രിയപ്പെട്ട ഇച്ചാക്കയ്‌ക്കും ടീമിനും അഭിനന്ദനങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് മോഹൻലാൽ ടീസർ പങ്കുവച്ചിരിക്കുന്നത്.
സസ്പെൻസ് ഒളിപ്പിക്കുന്ന പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിയാക്കുന്ന ടീസറാണ് എത്തിയത്. വിഷു റിലീസായി നാളെയാണ് ബസൂക്ക തിയേറ്ററുകളിലെത്തുന്നത്. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ ആക്ഷൻ രംഗങ്ങളും മാസ് സീനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഭീഷ്മ പർവം എന്ന മാസ് ഹിറ്റ് ചിത്രത്തിന് ശേഷമുള്ള മമ്മൂട്ടിയുടെ അടുത്ത അത്യൂഗ്രം പ്രകടനം കാണാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.
ഡീനോ ഡെന്നീസ് തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രമാണ് ബസൂക്ക. മമ്മൂട്ടിക്കൊപ്പം സംവിധായകനും നടനുമായ ഗൗതം മേനോനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിദ്ധാർത്ഥ് ഭരതൻ, ബാബു ആന്റണി, ദിവ്യ പിള്ള, ഷൈൻ ടോം ചാക്കോ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗൗതം മോനോൻ സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ ഡോമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് എന്ന ചിത്രം തിയേറ്ററിൽ സമ്മിശ്രപ്രതികരണങ്ങളാണ് നേടിയത്. പ്രതീക്ഷിച്ച രീതിയിൽ പ്രേക്ഷകശ്രദ്ധ നേടാൻ ചിത്രത്തിന് സാധിച്ചിരുന്നില്ല. ആരാധകരുടെ എല്ലാ നിരാശയും ബസൂക്ക മാറ്റുമെന്നാണ് പ്രതീക്ഷ.















