ന്യൂഡൽഹി: ഫ്രാൻസിൽ നിന്ന് റാഫേൽ മറൈൻ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള മെഗാ കരാറിന് അനുമതി നൽകി കേന്ദ്രസർക്കാർ. കരാർ പ്രകാരം ഇന്ത്യയുടെ നാവികസേനയ്‌ക്ക് വേണ്ടി 26 റാഫേൽ മറൈൻ യുദ്ധവിമാനങ്ങളാണ് ഫ്രാൻസ് കൈമാറുക. ഇരുരാജ്യങ്ങളിലെയും സർക്കാരുകൾ തമ്മിലുള്ള കരാറാണിത്. 63,000 കോടിയുടെ കരാറിൽ വൈകാതെ ഒപ്പുവെക്കും.
കരാറനുസരിച്ച് 22 സിംഗിൾ സീറ്റർ വിമാനങ്ങളും നാല് ഡബിൾ സീറ്റർ വിമാനങ്ങളുമാണ് ലഭിക്കുക. ഫ്ലീറ്റ് മെയിന്റനൻസ്, ലോജിസ്റ്റിക്കൽ സപ്പോർട്ട്, വ്യക്തിഗത പരിശീലനം എന്നിവ അടക്കം സമഗ്രമായ പാക്കേജാണ് കരാറിലുള്ളത്. കരാറിൽ ഒപ്പുവച്ച് അഞ്ച് വർഷങ്ങൾക്കുള്ളിലാണ് വിമാനങ്ങൾ ലഭിക്കുക. ഇന്ത്യയുടെ പ്രഥമ എയർക്രാഫ്റ്റ് വാഹിനിയായ INS വിക്രാന്തിൽ ഇവയെ വിന്യസിക്കും.
നേരത്തെ വ്യോമസേനയ്‌ക്ക് വേണ്ടി 36 റാഫേൽ ജെറ്റുകൾ ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങിയിരുന്നു. അംബാലയിലെയും ഹാഷിമാരയിലെയും വ്യോമതാവളങ്ങളിലാണ് ഇവയുള്ളത്. ഇതിന് ശേഷം ഫ്രാൻസുമായി ഇന്ത്യ നടത്തുന്ന രണ്ടാമത്തെ വലിയ കരാറാണിത്.















