ഇസ്ലാമബാദ്: ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ അടുത്ത ബന്ധു അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. ഭീകര സംഘടനയുടെ പ്രധാന റിക്രൂട്ടറും മതപണ്ഡിതനുമായ മൗലാന ഖാരി ഐജാസ് ആബിദാണ് കൊല്ലപ്പെട്ടത്. പാകിസ്താനിലെ പഖ്തൂൺഖ്വ പ്രവിശ്യയിൽ പെഷവാറിലെ പള്ളിക്ക് സമീപം പട്ടാപകൽ ആയിരുന്നു അക്രമണം. ഇയാളുടെ കൂട്ടാളി ഖാരി ഷാഹിദ് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്.
തീവ്ര ഇസ്ലാമിക സംഘടനകളായ അഹ്‌ലെ-ഇ-സുന്നത്ത് വൽ ജമാഅത്തിന്റെ (ASWJ) ഉന്നത അംഗവും ഇന്റർനാഷണൽ ഖത്മി-ഇ-നബുവത് പ്രസ്ഥാനത്തിന്റെ പ്രവിശ്യാ തലവനുമാണ് ഖാരി ഐജാസ്.
മസൂദ് അസറിന്റെ വലംകൈയായിരുന്നു ഖാരി ഐജാസ്. ഇയാളുടെ കീഴിൽ പ്രവർത്തിച്ചിരുന്ന മതപാഠശാലകൾ ഭീകരസംഘടനുടെ റിക്രൂട്ടിംഗ് കേന്ദ്രങ്ങളായിരുന്നുവെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. നിരവധി പാകിസ്താനി യുവാക്കൾ ജെയ്ഷെ മുഹമ്മദിൽ എത്തിയത് ഇയാളുടെ സ്വാധീനത്തിലായിരുന്നു. തീവ്രമത ചിന്ത കുത്തിവെക്കാൻ അഹ്‌ലെ-ഇ-സുന്നത്ത്, ഖത്ം-ഇ-നബുവത് പോലുള്ള ഗ്രൂപ്പുകളെയാണ് മസൂദ് അസ്ഹർ ഉപയോഗപ്പെടുത്തിയത്. യുവാക്കളെ വശീകരിച്ച് ബ്രെയിൻ വാഷ് ചെയ്ത് ആയുധ പരിശീനം നൽകുന്നതാണ് ഇവരുടെ രീതിയെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.
അടുത്തിടെ പാകിസ്താനിൽ മുംബൈ ഭീകരാക്രണത്തിന്റെ സൂത്രധാരനും ലഷ്കർ തലവനുമായ ഹാഫീസ് സയിദിന്റെ നിരവധി ബന്ധുക്കളും കൂട്ടാളികളും അജ്‍ഞാതരുടെ വെടിയേറ്റ് മരിച്ചിരുന്നു. ഇതിന്റെ തുടച്ചയാണോ ജെയ്ഷ ഭീകരന്റെ കൊലപാതകമെന്ന സംശയവും ഉയരുന്നുണ്ട്.















