ന്യൂഡെല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച താരിഫുകളുടെ ആഘാതം കുറയ്‌ക്കുന്നതിന് രാജ്യത്തെ കയറ്റുമതിക്കാരുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നു. കേന്ദ്ര വാണിജ്യ മന്ത്രാലയം ഇന്ന് കയറ്റുമതിക്കാരുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.
ട്രംപ് താരിഫുകളെ സംബന്ധിച്ച് എടുക്കുന്ന തീരുമാനങ്ങളെക്കുറിച്ച് കേന്ദ്ര മന്ത്രിസഭയെ പിന്നീട് വാണിജ്യ മന്ത്രാലയം അറിയിക്കും. ട്രംപ് ഇന്ത്യക്ക് മേല്‍ പ്രഖ്യാപിച്ച 26 ശതമാനം താരിഫ് ഇന്ന് മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ഈ സാഹചര്യത്തില്‍ എടുക്കേണ്ട തന്ത്രത്തെക്കുറിച്ച് കേന്ദ്ര മന്ത്രിസഭ ചര്‍ച്ച ചെയ്യും.
എല്ലാ വ്യാപാര പങ്കാളികള്‍ക്കും മേല്‍ 10 ശതമാനം അടിസ്ഥാന താരിഫാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. ചൈനക്ക് മേല്‍ പ്രഖ്യാപിച്ച 54% താരിഫ് ചൈന പ്രതികാര താരിഫ് പ്രഖ്യാപിച്ചതോടെ 104% ആയി ഉയര്‍ത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 26 ശതമാനം താരിഫ് ഏര്‍പ്പെടുത്തി. ഓട്ടോ, സ്റ്റീല്‍, അലുമിനിയം മേഖലകള്‍ക്ക് 25 ശതമാനം താരിഫ് പ്രത്യേകമായി പ്രഖ്യാപിച്ചു. ഫാര്‍മ മേഖലയിലും ഗണ്യമായ താരിഫ് ചുമത്തുമെന്ന് ട്രംപ് പറഞ്ഞു.
അതേസമയം, ട്രംപിന്റെ താരിഫുകള്‍ക്കെതിരെ ഇന്ത്യ പ്രതികാരം ചെയ്യാന്‍ സാധ്യതയില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. യുഎസുമായി ഒരു വ്യാപാര കരാറില്‍ എത്താനാണ് ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും തിങ്കളാഴ്ച ടെലിഫോണില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര താരിഫുകളും വ്യാപാരവും ചര്‍ച്ച ചെയ്തിരുന്നു. ഉഭയകക്ഷി വ്യാപാര കരാറില്‍ എത്രയും വേഗം പരസ്പര ധാരണയിലെത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ജയ്ശങ്കറും റൂബിയോയും ചര്‍ച്ച ചെയ്തു.
അര്‍ജന്റീന, വിയറ്റ്‌നാം, ഇസ്രായേല്‍ എന്നിവയ്‌ക്ക് പുറമേ, താരിഫ് കുറയ്‌ക്കാന്‍ തയ്യാറുള്ള 50 രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യയെയും ട്രംപ് ഭരണകൂടം കണക്കാക്കിയിരിക്കുന്നു.















