മുംബൈ: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചാല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ അത് പോസിറ്റീവ് ഗുണഫലങ്ങള്‍ ഉണ്ടാക്കുമെന്ന പ്രതീക്ഷ തെറ്റി. റിപ്പോ നിരക്ക് 25 ബേസിസ് പോയന്റ് കുറച്ചങ്കെിലും ബിഎസ്ഇ സെന്‍സെക്‌സും എന്‍എസ്ഇ നിഫ്റ്റിയും ബുധനാഴ്ച താഴേക്ക് വീണു. നിക്ഷേപകരുടെ വികാരത്തെ സ്വാധീനിക്കാന്‍ കേന്ദ്ര ബാങ്കിന്റെ തീരുമാനത്തിന് സാധിച്ചില്ല.
ആഗോള തലത്തില്‍ ശക്തമായ താരിഫ് അനിശ്ചിതാവസ്ഥകളാണ് ഇന്ത്യന്‍ വിപണിക്കും ഇന്ന് മുന്നേറ്റത്തിന് തടസമായത്. കഴിഞ്ഞ ദിവസം ശക്തമായ മുന്നേറ്റം നടത്തിയ വിപണിക്ക് ഇന്ന് തിരിച്ചടിയേറ്റു. വിദേശ രാജ്യങ്ങളുമായി യുഎസ് നടത്തുന്ന താരിഫ് വിലപേശലുകള്‍ പോസിറ്റീവായ ഫലങ്ങള്‍ ഉണ്ടാക്കില്ലെന്ന നിക്ഷേപകരുടെ ആശങ്കയാണ് വിപണിയെ പിന്നോട്ടടിപ്പിച്ചത്.
379.93 പോയന്റ് ഇടിഞ്ഞ ബിഎസ്ഇ സെന്‍സെക്‌സ് 73847.15 ല്‍ വ്യാപാരം അവസാനിപ്പിച്ചു. 0.51% നഷ്ടമാണ് സെന്‍സെക്‌സില്‍ ദൃശ്യമായത്. 136.70 പോയന്റ് ഇടിഞ്ഞ നിഫ്റ്റി 22,399 ല്‍ ക്ലോസ് ചെയ്തു. 0.61% ഇടിവാണ് നിഫ്റ്റിയിലുണ്ടായത്. മിഡ്കാപ് ഓഹരികളുടെ സൂചികയായ നിഫ്റ്റി മിഡ്കാപ് 100 സൂചിക 0.61% താഴ്ന്നു. നിഫ്റ്റി സ്‌മോള്‍കാപ് 100 സൂചികയ്‌ക്ക് 0.84% ന്റെ നഷ്ടമുണ്ടായി.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധമാണ് ഇന്ത്യന്‍ വിപണിയെയും പൊതുവില്‍ പിന്നോട്ടു പിടിച്ചു വലിക്കുന്നത്. യുഎസ് സമ്പദ് വ്യവസ്ഥയെ വലിയതോതില്‍ ആശ്രയിക്കുന്ന ഐടി മേഖലയ്‌ക്ക് കനത്ത ആഘാതമാണ് ഏറ്റിരിക്കുന്നത്.
ഇന്ത്യന്‍ ഐടി കമ്പനികളുടെ ഇപിഎസ് (ഏണിംഗ്‌സ് പെര്‍ ഷെയര്‍) സാധ്യതകളില്‍ ആഗോള ബ്രോക്കറേജ് കമ്പനിയായ ജെഫറീസ് 2-14% കുറവ് വരുത്തിയിട്ടുണ്ട്. നിരവധി ഇന്ത്യന്‍ ഐടി ഓഹരികളുടെ പ്രൈസ് ടാര്‍ഗറ്റുകളില്‍ 5-35% വരെ കുറവും വരുത്തിയിരിക്കുന്നു. യുഎസ് സമ്പദ് വ്യവസ്ഥയില്‍ മാന്ദ്യം വരുന്നപക്ഷം ഇന്ത്യന്‍ ഐടി കമ്പനികളുടെ ഓഹരിമൂല്യം 35% വരെ കുറയാമെന്ന് ഇന്ത്യന്‍ ബ്രോക്കറേജ് കമ്പനിയായ കൊട്ടാക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.