ജമ്മു: ജമ്മു കശ്മീരിലെ ഉധംപൂർ, കിഷ്ത്വാർ ജില്ലകളിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ വെടിവെയ്പ്പ്. മേഖലയിൽ തീവ്രവാദികളുടെ നീക്കമുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. ഉദംപൂരിലെ രാംനഗറിലെ ലാർഗർ പ്രദേശത്തെ ജോഫർ മാർട്ട ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ജെയ്‌ഷെ ഗ്രൂപ്പിന്റെ നീക്കങ്ങളെക്കുറിച്ചുള്ള ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷാ സേനയുടെ സംയുക്ത സംഘം വനമേഖലയിൽ തിരച്ചിൽ നടത്തിയിരുന്നു.
വനത്തിൽ ഒളിച്ചിരുന്ന ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചു. നിലവിൽ ഓപ്പറേഷൻ പുരോഗമിക്കുകയാണെന്നും കൂടുതൽ സേനയെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ പ്രാഥമിക തിരച്ചിലിനിടെ വെടിയൊച്ച കേട്ടിരുന്നതായും പ്രദേശത്ത് രണ്ടോ മൂന്നോ ഭീകരർ ഉണ്ടെന്നാണ് നിഗമനമെന്നും ഉധംപൂർ പൊലീസ് പറഞ്ഞു.
ഉധംപൂർ ഏറ്റുമുട്ടലിന് തൊട്ടുപിന്നാലെ, കിഷ്ത്വാർ ജില്ലയിലെ ചത്രു പ്രദേശത്ത് വീണ്ടും വെടിവയ്പ്പ് ഉണ്ടായി. ചത്രു വനമേഖലയ്‌ക്ക് സമീപം സുരക്ഷാ സേന രണ്ടോ മൂന്നോ ഭീകരരെ വളഞ്ഞതായി റിപ്പോർട്ടുണ്ട്. രണ്ട് സ്ഥലങ്ങളിലും ഏറ്റുമുട്ടൽ തുടരുകയാണ്