മലപ്പുറം; വീട്ടുപ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി കസ്റ്റഡിയിൽ. അക്യുപങ്ചർ ചികിത്സയുടെ പേരിൽ വീട്ടിൽ പ്രസവമെടുക്കാൻ സഹായിച്ച സ്ത്രീയാണ് പിടിയിലായത്. ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമയാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
അസ്മയെ ആശുപത്രിയിലെത്തിക്കാതെ വീട്ടിൽ തന്നെ പ്രസവമെടുക്കാൻ മുൻകയ്യെടുത്ത ഭർത്താവ് സിറാജുദ്ദീനെ സഹായിച്ചത് ഈ സ്ത്രീയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസമായി ഫാത്തിമയ്‌ക്ക് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു പൊലീസ്. പ്രസവസമയത്ത് മറ്റൊരാൾ കൂടി വീട്ടിൽ ഉണ്ടായിരുന്നുവെന്നും അത് ഫാത്തിമ ആണെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഫാത്തിമയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. നിലവിൽ ഭർത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് മാത്രമാണ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.
സിറാജുദ്ദീൻ ആശുപത്രി ചികിത്സ നിഷേധിച്ചതിനെ തുടർന്ന് രക്തസ്രാവത്തിന് പിന്നാലെ മരിച്ച അസ്മയുടെ മൃതദേഹം പായിൽ പൊതിഞ്ഞുകെട്ടിയാണ് മലപ്പുറത്ത് നിന്ന് പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചത്. മകൾ മരിച്ചുവെന്ന് അസ്മയുടെ വീട്ടുകാർ അറിഞ്ഞത് മൃതദേഹം കണ്ടപ്പോഴായിരുന്നു. ഇതോടെ സിറാജുദ്ദീനും വീട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും സംഭവത്തിൽ പൊലീസ് ഇടപെടുകയും ചെയ്തു. നിലവിൽ നരഹത്യാക്കുറ്റം ഉൾപ്പടെ സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുണ്ട്.