ചെന്നൈ: ആർത്തവത്തെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പരീക്ഷ ഹാളിന് പുറത്തിരുത്തി പരീക്ഷ എഴുതിപ്പിച്ചെന്ന് പരാതി. തമിഴ്നാട് കോയമ്പത്തൂരിലാണ് സംഭവം. സെൻഗുട്ടയിലെ സ്വകാര്യസ്കൂളിനെതിരെ പരാതിയുമായി രക്ഷിതാക്കൾ രംഗത്തെത്തി. പെൺകുട്ടി ക്ലാസ്മുറിയുടെ പുറത്തെ പടിക്കെട്ടിലിരുന്ന് പരീക്ഷ എഴുതുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
പെൺകുട്ടിയുടെ അമ്മ സ്കൂളിൽ എത്തിയപ്പോഴാണ് മകൾ പുറത്തിരുന്ന് പരീക്ഷ എഴുതുന്നത് കണ്ടത്. എന്താണ് സംഭവിച്ചതെന്ന് ചോദിച്ച അമ്മ മകളുടെ മറുപടി കേട്ട് ഞെട്ടിപ്പോയി. ആർത്തവമായതിനാൽ പ്രിൻസിപ്പാലാണ് തന്നെ പുറത്താക്കിയതെന്നാണ് പെൺകുട്ടി പറഞ്ഞത്. ഇതിന്റെ വീഡിയോയും പുറത്തുവന്നു. സ്കൂൾ അധികൃതരുടെ ക്രൂരമായ പ്രവൃത്തിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം.
ഇക്കഴിഞ്ഞ ജനുവരിയിൽ യുപിയിലെ ഒരു സ്വകാര്യ സ്കൂളിലും ആർത്തവത്തെ തുടർന്ന് വിദ്യാർത്ഥിനിയെ പുറത്താക്കിയിരുന്നു. ഒരു മണിക്കൂറോളം പെൺകുട്ടിക്ക് പുറത്ത് നിൽക്കേണ്ടി വന്നതായി രക്ഷിതാവ് പറഞ്ഞു. സംഭവത്തിൽ സംസ്ഥാന വനിത കമ്മീഷൻ, ജില്ലാ സ്കൂൾ ഇൻസ്പെക്ടർ എന്നിവർക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്.