മലപ്പുറം: അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയായ വിദേശവനിത പിടിയിൽ. യുഗാണ്ട സ്വദേശിനിയായ 30-കാരി നാകുബുറെ ടിയോപിസ്റ്റയാണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് യുവതി.
മലപ്പുറത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും യുവതിയും സംഘവും എംഡിഎംഎ വിൽപ്പന നടത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. അരീക്കോട് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ പിടികൂടിയത്. യുവതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ചില നൈജീരിയിൻ സ്വദേശികളുമായും പ്രതിക്ക് ബന്ധമുണ്ടെന്നാണ് വിവരം. ഇവരെ പിടികൂടാനുള്ള അന്വേഷണവും നടക്കുന്നുണ്ട്. ബെംഗളൂരുവിൽ നിന്നാണ് സംഘം കേരളത്തിലേക്ക് ലഹരി എത്തിക്കുന്നത്.
ഒരാഴ്ച മുമ്പ് ബെംഗളൂരുവിൽ നിന്നെത്തിച്ച എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായിരുന്നു. 200 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ലഹരി വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പൊലീസിന്റെ വലയിൽപ്പെട്ടത്. ഈ സംഘത്തിൽ ഉൾപ്പെട്ടയാളാണ് അറസ്റ്റിലായ വിദേശവനിതയെന്നാണ് നിഗമനം.















