വയനാട്: പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാർക്ക് വെട്ടേറ്റു. കാരശ്ശേരി വലിയ പറമ്പിൽ വച്ചാണ് സംഭവം. വയനാട് എസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ ശാലു, നൗഫൽ എന്നിവർക്കാണ് വെട്ടേറ്റത്.
വയനാട് കൽപ്പറ്റയിലെ കാർ മോഷണ കേസിലെ പ്രതിയായ കാരശ്ശേരി വലിയ പറമ്പ് സദേശി അർഷാദിനെ അന്വേഷിച്ച് എത്തിയപ്പോഴായിരുന്നു ആക്രമണം. അർഷാദും ഉമ്മയും ചേർന്നാണ് പൊലീസുകാരെ വെട്ടിപ്പരിക്കേൽപ്പിച്ചത്. പ്രതിയുടെ വീട്ടിൽ പ്രവേശിച്ച പൊലീസുകാരെ ഇരുവരും ചേർന്ന് ആക്രമിക്കുകയായിരുന്നു. രണ്ടു പൊലീസുകാരുടെയും കയ്യിനാണ് പരിക്കേറ്റത്.
മൂന്ന് പേർ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടാൻ പോയത്. വിപിൻ എന്ന പൊലീസുകാരൻ കുറച്ച് ദൂരെമാറി നിന്നതുകൊണ്ട് ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. വെട്ടേറ്റ പൊലീസുകാരെ മുക്കം കെഎംസിടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.















