തിരുവനന്തപുരം : ടിക്കറ്റ് ചോദിച്ച ടിടിഇയ്‌ക്ക് യാത്രക്കാരുടെ ക്രൂരമർദ്ദനം. ജനറൽ ടിക്കറ്റുമായി സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്തത് ചോദ്യംചെയ്തതിന് പിന്നാലെയാണ് യാത്രക്കാർ ടിടിഇയായ ജയേഷിനെ സംഘം ചേർന്ന് മർദ്ദിച്ചത്. കന്യാകുമാരി ഐലൻഡ് എക്സ്പ്രസിൽ നെയ്യാറ്റിൻകരയ്‌ക്കും പാറശാലയ്‌ക്കും ഇടയിലാണ് സംഭവം നടന്നത്.
അഞ്ചംഗ സംഘമാണ് ജയേഷിനെ ആക്രമിച്ചത്. പരിക്കേറ്റ ജയേഷ് ആശുപത്രിയിൽ ചികിത്സയിലാണ്. പരിശോധന നടത്തുന്നതിനിടെയാണ് ജനറൽ ടിക്കറ്റുമായി സ്ലീപ്പറിൽ യാത്ര ചെയ്യുന്ന നാലഞ്ച് പേരെ കണ്ടത്. തുടർന്ന് ചോദ്യം ചെയ്യുകയും പിഴയടയ്‌ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇവർ പണമടയ്‌ക്കാൻ തയാറായിരുന്നില്ല. തുടർന്ന് ജയേഷിനെ മർദ്ദിക്കുകയായിരുന്നു.
സംഘം ചേർന്ന് മർദ്ദിച്ചതിനാൽ ജയേഷിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മറ്റ് ടിടിഇകൾ എത്തിയാണ് ജയേഷിനെ ആശുപത്രിയിൽ എത്തിച്ചത്. അക്രമികളിൽ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. മറ്റുള്ളവർ ട്രെയിനിൽ നിന്നും ഓടിരക്ഷപ്പെട്ടു. ജയേഷിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















